പാലക്കാട്: സംസ്ഥാനത്ത് സപ്ലൈകോ നെല്ലെടുപ്പ് ആരംഭിക്കാത്തതും സംഭരണവില പ്രഖ്യാപിക്കാത്തതും കാരണം പൊതുവിപണിയിൽ നെല്ലിന്റെ വില ഇടിയുന്നു. മട്ടനെല്ല് കിലോയ്ക്ക് 24 രൂപയുണ്ടായിരുന്നത് ഇപ്പോൾ 21 രൂപയായി കുറഞ്ഞു. സ്വകാര്യമില്ലുകാർ ഒരു കിലോക്ക് 17 രൂപ മുതൽ 21 രൂപവരെയാണ് നൽകുന്നത്. പൊതുവിപണിയിൽ വില കുറയ്ക്കുന്നതിനനുസരിച്ച് അതിലും താഴ്ന്ന വിലയ്ക്കാണ് മില്ല് ഏജന്റുമാർ കൃഷിക്കാരിൽ നിന്നു നെല്ലു ചോദിക്കുന്നത്. ഒക്ടോബറായിട്ടും നെല്ല് സംഭരണം ആരംഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തുച്ഛമായ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൊടുക്കേണ്ടി വരുമോയെന്നുള്ള ആശങ്കയിലാണിവർ.
നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ സപ്ലൈകോയുമായും മില്ല് പ്രതിനിധികളുമായും ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. സംഭരിച്ച നെല്ല് അരിയാക്കി നൽകുന്നതിലെ അനുപാതം നിശ്ചയിക്കുക, 2023-24, 24-25 വർഷത്തിലെ കുടിശ്ശിക നൽകുക, കൈകാര്യ ചെലവ് എട്ടു വർഷം മുമ്പ് നിശ്ചയിച്ച 120 രൂപയിൽ നിന്ന് 272 രൂപയാക്കി ഉയർത്തുക, കൈകാര്യ ചെലവിന് ജി.എസ്.ടി ഏർപ്പെടുത്തിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗികരിച്ചാലേ സംഭരണം തുടങ്ങുമെന്നാണ് മില്ലുകാർ പറയുന്നത്. ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കുമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സംയുക്ത കർഷക സമിതി നേതാവ് പാണ്ടിയോട് പ്രഭാകരൻ പറഞ്ഞു. നെല്ലു സൂക്ഷിക്കാൻ സംവിധാനം ഇല്ലാത്ത ചെറുകിട കർഷകർ കിട്ടിയ വിലയ്ക്ക് നെല്ലു വിറ്റഴിക്കാൻ നിർബന്ധിതരാവുകയാണ്. ജില്ലയിൽ കണ്ണാടി ഉൾപ്പെടെ നെൽകൃഷി കൂടുതലുള്ള പഞ്ചായത്തുകളിൽ 60 ശതമാനത്തിൽ ഏറെ കൊയ്ത്തു കഴിഞ്ഞു. 40 ശതമാനം വിളവ് കുറവാണ്. ഇക്കാര്യം അതത് കൃഷി ഓഫീസുകൾ സപ്ലൈകോയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 69 പൈസ കൂട്ടി 23.69 രൂപയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്രവിഹിതം കിലോയ്ക്ക് 23 രൂപയും സംസ്ഥാന പ്രോത്സാഹന വിഹിതം 5.20 രൂപയുമായിരുന്നു. കേന്ദ്രം വില കൂട്ടുമ്പോൾ സംസ്ഥാനം അതിന് ആനുപാതിക തുക പ്രോത്സാഹന വിഹിതത്തിൽ നിന്നു വെട്ടിക്കുറയ്ക്കുന്നതാണു പതിവ്. ഇതിനെതിരെ കർഷകരോഷവും ശക്തമാണ്. കൊയ്ത്ത് മിഷൻ ആവശ്യത്തിന് കിട്ടാതെ കർഷകർ കഷ്ടപ്പെടുകയാണെന്നും പാണ്ടിയോട് പ്രഭാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |