ആലത്തൂർ: കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ച് കീടരോഗ ആക്രമണങ്ങൾ തീരെ ബാധിക്കാതെയും വിളവിൽ കുറവ് വരാതെയും പരീക്ഷണാടിസ്ഥാനത്തിൽ ആലത്തൂർ സീഡ് ഫാമിൽ പ്രകൃതി കൃഷി രീതിയിൽ നടത്തിയ നെൽകൃഷി വൻവിജയം. കനത്ത മഴയിലും തുടർന്നുണ്ടായ കനത്ത ചൂടിലും ഈ മേഖലയിലെ സാധാരണ നെൽകൃഷിയിൽ രോഗ കീടങ്ങൾ പതിവായിരുന്നു. ബാക്ടീരിയൽ ഓല കരിച്ചിൽ, പോളചീയൽ, ഇലപ്പേൻ, മുഞ്ഞ ഓലചുരുട്ടി പുഴു, തണ്ടുതുരപ്പൻ പുഴു എന്നിവയുടെ ആക്രമണം രൂക്ഷമായിരുന്നു. എന്നാൽ സീഡ് ഫാമിലെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയ ഒരു ഏക്കറിലെ നെൽകൃഷിയിൽ കാലാവസ്ഥാ മാറ്റം കൊണ്ട് രൂക്ഷമാകുന്ന കീട രോഗ ബാധകൾ ഒട്ടും തന്നെ ബാധിച്ചില്ല. കൃഷിയിടത്തിൽ മിത്രപ്രാണികളുടെ എണ്ണം വർദ്ധിച്ച തോതിൽ നിലനിർത്താൻ സാധിക്കുന്നുണ്ട് എന്നതും പ്രകൃതി കൃഷിയുടെ പ്രത്യേകതയാണ്. ഒരു ഏക്കറിൽ നിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും നേട്ടമാണ്. സുസ്ഥിര പ്രകൃതി കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് ജൈവ കാർഷിക മിഷന്റെ ഒരു സബ് മിഷൻ ആയി കേരള സർക്കാർ പ്രകൃതി കൃഷി മിഷൻ രൂപീകരിച്ചിട്ടുണ്ട്. ആലത്തൂർ സീഡ് ഫാമിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ആലത്തൂർ എം.എൽ.എ കെ.ഡി.പ്രസേനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയായി. കൃഷി വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ, കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |