പാലക്കാട്: ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലെത്താൻ മറുനാടൻ മലയാളികൾ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ക്രിസ്മസിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കാണ് കൂടുതൽ യാത്രക്കാരുള്ളത്. ഈ റൂട്ടിലെ പ്രധാന ട്രെയിനുകളായ ചെന്നൈ - തിരുവനന്തപുരം മെയിൽ, ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളിൽ ഡിസംബർ 22,23, 24 തിയതികളിലെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ചെന്നൈയിൽ നിന്നു മംഗളൂരു ഭാഗത്തേക്കുള്ള ചെന്നൈ - മാംഗ്ലൂർ മെയിൽ, ചെന്നൈ മാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വണ്ടികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ വണ്ടികളിൽ സ്ലീപ്പർ ക്ലാസ് കോച്ചുകളിലേക്കും എ.സി കോച്ചുകളിലേക്കും ഏതാനും സീറ്റുകളുണ്ട്. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും സമാന സ്ഥിതിയാണ്. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്(16526), മൈസൂരു-ബെംഗളൂരു-തിരുവനന്തപുരം(16315), ബെംഗളൂരു-എറണാകുളം എക്സ്പ്രസ്(16377), യശ്വന്തപുരം-തിരുവനന്തപുരം ഗരീബ്‌രഥ് എക്സ്പ്രസ്(12257), യശ്വന്തപുരം-കണ്ണൂർ എക്സ്പ്രസ്(16527) ട്രെയിനുകളിലെല്ലാം അതിവേഗം ടിക്കറ്റുകൾ വിറ്റഴിയുകയാണ്. ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം വളരെയേറേയാണെന്നാണ് ബുക്കിംഗ് ട്രെൻഡ് സൂചിപ്പിക്കുന്നത്. ശബരിമല മണ്‌ഡലവിളക്ക് കാലം കൂടിയായതിനാൽ ഈ സമയങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കു കൂടുതലായിരിക്കും. പതിവു ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലായ ശേഷമേ സ്പെഷ്യൽ ട്രെയിനുകൾ സംബന്ധിച്ച് തീരുമാനമാവുകയുള്ളു. നിലവിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ കേരളത്തിൽ റെയിൽവേ പാതകൾ ഒഴിവില്ലെന്ന് റെയിൽവേ പറയുമ്പോഴും നിലവിലുള്ള റെയിൽ പാതകളിലൂടെ പരമാവധി ട്രെയിനുകൾ ഓടിക്കുന്നുണ്ട്. അന്തർ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ എയർ ബസുകൾ അവധിക്കാലത്ത് അമിത നിരക്കാണ് ഈടാക്കുന്നത്. അതിനാൽ താരതമ്യേന നിരക്കു കുറഞ്ഞ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മറുനാടൻ മലയാളികൾക്ക് ആശ്വാസമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |