കഞ്ചിക്കോട്: ബൂവറിക്കെതിരെ ശക്തമായ നിലപാടുമായി എലപ്പുള്ളി പഞ്ചായത്ത് മുന്നോട്ട് പോകവേ, ബ്രൂവറിക്കാവശ്യമായ വെള്ളം കോരയാർ, വരട്ടയാർ പുഴകളിൽ നിന്നു വിട്ടുനൽകാൻ തീരുമാനവുമായി പുതുശ്ശേരി പഞ്ചായത്ത്. വാളയാർ ഡാമിലെ വെള്ളമാണ് ഈ പുഴകളിലൂടെ ഒഴുകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നുകൊണ്ടാണ് രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ കമ്പനിക്ക് വെളളം നൽകാനുള്ള തീരുമാനം സി.പി.എം നേതൃത്വത്തിലുളള പുതുശേരി പഞ്ചായത്ത് ഭരണ സമിതി എടുത്തത്. ഇതിനിടെ സി.പി.എമ്മിന്റെ പന്ത്രണ്ടാം വാർഡ് അംഗം ബിന്ദു കമ്പനിക്ക് വെളളം നൽകാനുള്ള തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ തയ്യാറാകാതിരുന്നത് സി.പി.എം ക്യാംപിനു ക്ഷീണമായി. കമ്പനിക്ക് വെള്ളം നൽകാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോൺഗ്രസ് മെമ്പർ പി.ബി.ഗിരീഷ് പറഞ്ഞു. ബ്രുവറിക്ക് വെള്ളം നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.സന്തോഷ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും. വിവിധ കർഷക സംഘടനകളും സമരം ആഹ്വാനം ചെയ്തിട്ടുണ്ട്.
എതിർപ്പുമായി കോൺഗ്രസും ബി.ജെ.പിയും
വാളയാർ ഡാമിലെ വെള്ളം പുതുശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലെ രണ്ടായിരം ഏക്കറോളം കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കുടിവെള്ളത്തിനും ഇവിടുത്തെ വെളളം ഉപയോഗിക്കുന്നുണ്ട്. തീരുമാനം നടപ്പായാൽ വാളയാർ ഡാമിലെ വെള്ളം മുഴുവൻ കമ്പനി കൊണ്ടുപോകുന്ന സ്ഥിതിയുണ്ടാകുമെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നു. കമ്പനിക്ക് വെളളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും എൻ.ഒ.സി മാത്രമാണ് നൽകിയതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ് പറഞ്ഞു. പഞ്ചായത്ത് നൽകിയ എൻ.ഒ.സി ഫലത്തിൽ കമ്പനിക്ക് വെള്ളം എടുക്കാൻ നൽകിയ അനുമതി തന്നെയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ പാലാഴി ഉദയകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |