
ഒറ്റപ്പാലം: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് താരത്തിളക്കം നേടാൻ പോസ്റ്ററുകളിലും, ഫ്ളക്സുകളിലും മറ്റും പ്രശസ്തമായ വള്ളുവനാടൻ സിനിമലൊക്കേഷനുകൾ പശ്ചാത്തലമാക്കി സ്ഥാനാർത്ഥികൾ. വരിക്കാശേരി മന, കവളപ്പാറ കൊട്ടാരം, നിളയും നിളാ തീരവും, പഴയ കൊച്ചിൻ പാലം, ഹരിതഭംഗി പേറുന്ന വിശാലമായ കാരക്കാട് പാടശേഖരം എന്നിങ്ങനെ സിനിമയിലൂടെ ജനപ്രിയമായ ലൊക്കേഷനുകൾ പശ്ചാത്തലമാക്കി ശ്രദ്ധ നേടുകയാണ് സ്ഥാനാർത്ഥികൾ. വനിത സ്ഥാനാർത്ഥികളാണ് ഇക്കാര്യത്തിൽ ഏറെ മുമ്പിൽ. ഒറ്റപ്പാലം - ഷൊർണൂർ നഗരസഭ സ്ഥാനാർത്ഥികൾ, വാണിയംകുളം, ചളവറ തുടങ്ങിയ പഞ്ചായത്തിലെ വിവിധ പാർട്ടി സ്ഥാനാർത്ഥികൾ മുതലായവർ ഫ്ളക്സിലും മറ്റും മികച്ച പശ്ചാത്തല മികവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുന്നേറാനും വോട്ടർമാരുടെ ശ്രദ്ധ നേടാനും സ്ഥാനാർത്ഥികളെ ഇത്തരം ഫ്ളക്സുകൾ സഹായിക്കുന്നുണ്ട്. സേവ് ദി ഡേറ്റ് പോലെ വൈബുള്ള സ്ഥലങ്ങൾ കണ്ടെത്തി സ്ഥാനാർത്ഥികളെ പോസ് ചെയ്യിക്കുന്നതിന് പിന്നിൽ ഫോട്ടോഗ്രാഫർമാരുടെ ആശയവും കലാവിരുതുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് മികച്ച സേവനവും, പരീക്ഷണവും ഉറപ്പാക്കാൻ സ്റ്റുഡയോക്കാരും മത്സരിക്കുന്നു.
സ്റ്റുഡയോ മുറിയ്ക്കുള്ളിലും,ഔട്ട് ഡോറിലും മികച്ച ചിത്രം പകർത്താൻ പ്രത്യേക ലൈറ്റ് സംവിധാനവും, സാങ്കേതിക സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ഷൊർണൂർ നഗരത്തിലെ കാഴ്ചസ്റ്റുഡയോ ഉടമ പ്രവീഷ് ഷൊർണൂർ പറഞ്ഞു.പാലക്കാട് തൃശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നൂറിൽ പരം സ്ഥാനാർത്ഥികളുടെ ചിത്രം പകർത്തി നൽകിയതായും പ്രവീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |