
ചിറ്റൂർ: ഡിസംബർ 11ന് നടക്കുന്ന തദ്ദേശ തരിഞ്ഞെടുപ്പിൽ ചിറ്റൂർ തത്തമംഗലം നഗരസഭയിൽ ഇത്തവണയും സ്വതന്ത്രരെ ഇറക്കി ഭരണം നിലനിറുത്താൻ ഇടതുപക്ഷം. ആകെയുള്ള 30 സീറ്റിൽ 28 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. രണ്ട് സീറ്റിൽ ജനതാദൾ (എസ്) മത്സരിക്കുന്നുണ്ട്. സി.പി.എം മത്സരിക്കുന്ന 28 സീറ്റിൽ 11 സീറ്റിൽ മാത്രമാണ് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളുള്ളത്. ബാക്കി 17 സീറ്റിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാണ് ഇത്തവണയും സി.പി.എം നഗരസഭ ഭരണം നിലനിർത്താനുള്ള തന്ത്രം മെനയുന്നത്.
സി.പി.എം പാർട്ടി ഭാരവാഹികളായ പ്രമുഖരും സ്വതന്ത്രരായി മത്സര രംഗത്തുണ്ട്. ഒമ്പതാം വാർഡ് വടക്കത്തറയിൽ മത്സരിക്കുന്ന നഗരസഭ അദ്ധ്യക്ഷയും കിഴക്കത്തറ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.എൽ.കവിത, എട്ടാം വാർഡ് കടമ്പിടിയിൽ മത്സരിക്കുന്ന നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉൾപ്പെടെ ആറോളം പാർട്ടി ഭാരവാഹികളാണ് സ്വതന്ത്ര ചിഹ്നത്തിൽ ജനവിധി തേടുന്നത്. കഴിഞ്ഞ 75 വർഷമായി നഗരസഭ ഭരിച്ചിരുന്ന കോൺഗ്രസിനെ താഴെ ഇറക്കി കഴിഞ്ഞ തവണയാണ് എൽ.ഡി.എഫ് ആദ്യമായി ഭരണം പിടിച്ചെടുത്തത്. സ്വതന്ത്രരെ രംഗത്തിറക്കിയുള്ള പരീക്ഷണമായിരുന്നു അന്ന് സി.പി.എം പ്രയോഗിച്ചത്. പിടിച്ചെടുത്ത ഭരണം നിലനിറുത്താൻ ഇത്തവണയും ഇതേ മാർഗ്ഗമാണ് അവലംഭിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഭൂരിഭാഗം സ്ഥാനാർത്ഥികളും സ്വതന്ത്ര ചിഹ്നമായ കുട ചിഹ്നത്തിലാണ് മത്സരിച്ചത്. ഇത്തവണ ചിഹ്നം ഏതെന്ന് അറിയുന്നതേയുള്ളൂ. ജനതാദൾ (എസ്) മത്സരിക്കുന്ന 27-ാം വാർഡ് ശ്രീകുറുംബ കാവിലും 30-ാം വാർഡ് മേട്ടുവളവിലും പാർട്ടി ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഇതിനിടെ സീറ്റ് വിഭജനത്തിൽ അവഗണന ആരോപിച്ച് സി.പി.ഐ, കേരളാകോൺ (എം) എന്നീ കക്ഷികൾ എൽ.ഡി.എഫ് മുന്നണി വിട്ട് തനിച്ചാണ് മത്സരിക്കുന്നത്. ഒന്നാം വാർഡ് ചേരുകാട്, 9-ാം വാർഡ് വടക്കത്തറ എന്നിവിടങ്ങളിൽ സി.പി.ഐ തനിച്ച് നാമനിർദ്ദേശ പത്രികകൾ നൽകിയപ്പോൾ 13-ാം വാർഡ് കൊശത്തറയിൽ കേരളകോൺ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ശശിധരനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |