മണ്ണാർക്കാട്: ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വീണ്ടും യു.ഡി.എഫ് ഭരണം നിലനിറുത്തിയ മണ്ണാർക്കാട് നഗരസഭയിൽ ചെയർപേഴ്സൺ ആരാകുമെന്ന ആകാംക്ഷയിൽ മണ്ണാർക്കാട്ടുകാർ. ചെയർപേഴ്സൺ സീറ്റ് ഇത്തവണ വനിതാ സംവരണമായതിനാൽ വനിത തന്നെ നഗരസഭ ഭരിക്കുമെന്ന കാര്യത്തിൽതർക്കമില്ല. അതേസമയം യു.ഡി.എഫിൽ വിജയിച്ചുവന്ന വനിതകളെല്ലാം പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. മത്സരിച്ചവരിൽ ചെയർപേഴ്സൺ സാധ്യത കൽപ്പിച്ചിരുന്ന മുൻ കൗൺസിലർമാരായ മുസ്ലിം ലീഗിലെ മാസിത സത്താറും എം.കെ.സുബൈദയും തോൽക്കുകയും ചെയ്തു. ഇതോടെ നിലവിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി ജയിച്ച ഏഴ് വനിതകളിൽനിന്നാകും ഒരാൾ തിരഞ്ഞെടുക്കപ്പെടുക. നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ മുൻപ് മത്സരിച്ചുവിജയിച്ച മുണ്ടേക്കരാട് വാർഡിൽനിന്ന് ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർഥിയായി വിജയിച്ച ജ്യോതി കൃഷ്ണൻകുട്ടി, നമ്പിയാംപടിയിൽനിന്ന് വിജയിച്ച ഷീജ രമേശ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ഇതിൽ 636 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചത് ജ്യോതി കൃഷ്ണൻകുട്ടിയാണ്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നഗരസഭയിലെ സീനിയറും മുൻവികസനകാര്യസ്ഥിരംസമിതി അധ്യക്ഷനുമായ കെ. ബാലകൃഷ്ണന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. നഗരസഭാ ചെയർമാനായിരുന്ന സി.മുഹമ്മദ് ബഷീറും വിജയിച്ചവരുടെ പട്ടികയിലുണ്ട്.
എൽ.ഡി.എഫ് പതിവുപോലെ പ്രതിപക്ഷമായി തുടരും. 30 വാർഡുകളിൽ 17 സീറ്റിൽ വിജയിച്ചാണ് ഇത്തവണ യു.ഡി.എഫ് ഭരിക്കാനെത്തുന്നത്. 17 സീറ്റിൽ 12 മുസ് ലിംലീഗ്, കോൺഗ്രസ്നാല്, കേരള കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ്. എൽ.ഡി.എഫ് 12 സീറ്റാണ് നേടിയത്. എൻ.ഡി.എ ഒരുസീറ്റുംനേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |