SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഈ മൃഗാശുപത്രി

Increase Font Size Decrease Font Size Print Page
vettinary
സഞ്ചരിക്കുന്ന വെറ്റിനറി ശസ്ത്രക്രിയ യൂണിറ്റിൽ ഡോക്ടറുമാരായ ശ്രീരാഗ് ആർ.ദാസ്, എസ്.ആനന്ദ്, മെഡിക്കൽ അറ്റൻഡർ വി.സന്തോഷ് എന്നിവർ.

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ മൊബൈൽ യൂണിറ്റ് എന്ന നേട്ടത്തിലാണ് പാലക്കാട് ജില്ലയിലെ സഞ്ചരിക്കുന്ന വെറ്റിനറി ശസ്ത്രക്രിയ യൂണിറ്റ്. ഏഴു മാസത്തിനുള്ളിലാണ് യൂണിറ്റ് ഈ നേട്ടം കൈവരിച്ചത്. ജൂൺ 20നാണ് സഞ്ചരിക്കുന്ന ശസ്ത്രക്രിയ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. ഡോകർമാരായ ശ്രീരാഗ് ആർ.ദാസ്, എസ്.ആനന്ദ്, മെഡിക്കൽ അറ്റൻഡർ വി.സന്തോഷ് എന്നിവരാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. 188ലേറെ ശസ്ത്രക്രിയകളും ഇതുവരെ ചെയ്തു. 136 വളർത്തു നായ്ക്കളുടെയും, 36 ലേറെ വളർത്തു പൂച്ചകളുടെയും ശസ്ത്രക്രിയ പൂർത്തിയാക്കി. ഇതിൽ 10 നായ്ക്കളിൽ അതീവ ജാഗ്രത ആവശ്യമായ മുഴ നീക്കൽ ശസ്ത്രക്രിയയാണ് ചെയ്തത്. 10 പശുക്കളെയും ശസ്ത്രക്രിയക്ക് വിധേയമാക്കി. എട്ട് പശുക്കളിൽ പ്രസവ ശസ്ത്രക്രിയയാണ് ചെയ്തത്. പശുക്കളുടേത് അതത് വീടുകളിലെത്തിയും മറ്റുള്ളവ ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ, പട്ടാമ്പി, പാലക്കാട് മൃഗാശുപത്രികളിലുമായാണ് നടന്നത്. കൂടുതലും അടിയന്തര മൊബൈൽ സഹായ യൂണിറ്റുകളുടെയും ബ്ലോക്ക് തലത്തിൽ രാത്രികാല സേവനം നടത്തുന്ന ഡോക്ടർമാരുടെയും ആവശ്യപ്രകാരമായിരുന്നു ശസ്ത്രക്രിയ. അടിയന്തര ഘട്ടങ്ങളിൽ ഉടമകൾ നേരിട്ടും വിളിക്കാറുണ്ട്. ശസ്ത്രക്രിയക്ക് ആവശ്യമായ അണുവിമുക്ത ഉപകരണങ്ങൾ, സിറിഞ്ചുകൾ, മരുന്നുകൾ, കോട്ടൺ തുടങ്ങിയവയെല്ലാം കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രസവ ശസ്ത്രക്രിയ, ലാപ്രോട്ടമി (വയറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ), മുഴ നീക്കംചെയ്യൽ, ഗർഭപാത്രം നീക്കംചെയ്യൽ, വൃഷ്ണം നീക്കം ചെയ്യൽ, രോഗം ബാധിച്ച അവയവങ്ങൾ മുറിച്ചുമാറ്റൽ, ഹെർണിയ, മറ്റ് അടിയന്തര ശസ്ത്രക്രിയ എന്നിവയാണ് മൊബൈൽ യൂണിറ്റ് നടത്തുന്നത്. കന്നുകാലികൾ, ആട്, പന്നി, നായ, പൂച്ച എന്നിങ്ങനെ ഓരോന്നിനും നിശ്ചിത നിരക്കും ഈടാക്കുന്നുണ്ട്.

TAGS: LOCAL NEWS, PALAKKAD, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY