പാലക്കാട്: ചൂടേറിയ രാഷ്ടീയ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ പാലക്കാട് നഗരസഭാ ചെയർമാനായി ബി.ജെ.പിയിലെ പി.സ്മിതേഷ് തിരഞ്ഞെടുക്കപ്പെട്ടു. ടി.ബേബിയാണ് വൈസ് ചെയർ പേഴ്സൺ. ഇതോടെ തുടർച്ചയായ മൂന്നാം തവണയും പാലക്കാട് നഗരസഭയിൽ ബി.ജെ.പി അധികാരത്തിലേറി. നിലവില്‍ ബി.ജെ.പി ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സ്മിതേഷ് മുരുഗണി വാര്‍ഡില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്. നാല് തവണ കൗൺസിലറും രണ്ട് തവണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ രാധാകൃഷ്ണനും കോൺഗ്രസിലെ സാജോ ജോണും മത്സരിച്ചു. സ്മിതേഷിന് 25 വോട്ട് ലഭിച്ചു. സാജോ ജോണിന് 18 ഉം രാധാകൃഷ്ണന് സ്വതന്ത്രന്റേതുൾപ്പടെ 10 വോട്ടും ലഭിച്ചു. വൈസ് ചെയർപേഴ്സൺ ടി.ബേബിക്കും 25 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫിൽ നിന്ന് കുമാരിയും യു.ഡി.എഫിൽ നിന്ന് റിസ്വാന ബീഗവും ആണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചത്. മൂന്ന് തവണ കൗൺസിലറായിരുന്നു ടി.ബേബി. ഇതിനിടെ കൗൺസിൽ യോഗത്തിൽ വൈകിയെത്തിയ യു.ഡി.എഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് മാറ്റി നിറുത്തി. യു.ഡി.എഫ് കൗൺസിലർ പ്രശോഭിനെയാണ് മാറ്റിനിറുത്തിയത്. ഇതേ തുടർന്ന് 17 അംഗങ്ങൾ മാത്രമാണ് യു.ഡി.എഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. താൻ ഗ്യാസിന്റെ ഗുളിക വാങ്ങാൻ പോയതാണെന്നാണ് പ്രശോഭ് പ്രതികരിച്ചത്. നഗരസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. 48-ാം വാർഡിൽ നിന്നു വിജയിച്ച സ്വതന്ത്രൻ എച്ച്.റഷീദിനെ പിന്തുണച്ച് യു.ഡി.എഫും എൽ.ഡി.എഫും ജനകീയ മതേതര മുന്നണി രൂപീകരിക്കാൻ ചർച്ച നടന്നെങ്കിലും ഫലവത്തായില്ല. മുസ്ലിം ലീഗ് മുൻകൈയ്യെടുത്തെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരെ തൽക്കാലം സഖ്യമൊന്നും വേണ്ടെന്നായിരുന്നു ധാരണ. ഇതോടെ ബി.ജെ.പി പാലക്കാട് നഗരസഭയിൽ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ബി.ജെ.പിക്കുള്ളിൽ തർക്കവും ഉണ്ടായിരുന്നു. സംസ്ഥാന ട്രഷറർ അഡ്വ. ഇ.കൃഷ്ണദാസിനും ചെയർമാൻ സ്ഥാനത്തേക്ക് സാദ്ധ്യത കല്പിക്കപ്പെട്ടിരുന്നു. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ മിനി കൃഷ്ണകുമാറിന്റെ പേരും ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെ സ്മിതേഷിനെയും ടി.ബേബിയെയും തിരഞ്ഞെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |