ഇലന്തൂർ: ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിലെ പടയണിക്ക് ഇന്ന് ചൂട്ടുവയ്ക്കും. ഇനിയുള്ള പന്ത്രണ്ട് ദിവസം ഇലന്തൂരിൽ പടയണി താളം നിറയും.
ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ഭഗവതിക്ക് മുന്നിൽ കാളി നിൽക്കുന്ന വിളക്കിൽ നിന്ന് മേൽശാന്തി നാരായണമംഗലത്ത് ഇല്ലം ഹരികൃഷ്ണൻ പോറ്റി പകർന്നു നൽകുന്ന ദീപത്തിൽ നിന്ന് കൊളുത്തുന്ന ചൂട്ടുകറ്റ പടയണി ആശാൻ ഇട്ടിമാടത്ത് കിഴക്കേതിൽ ദിലീപ് കുമാർ ഏറ്റുവാങ്ങും. കരവാസികൾ ആർപ്പും കുരവയുമായി കാവുണർത്തി ചൂട്ട് വലത്തോടെ പടേനിക്കളത്തിലെ കന്നിക്കോണിൽ കരക്കാരുടെ അനുവാദത്തോടെ സ്ഥാപിക്കും. പച്ചത്തപ്പിൽ ജീവ കൊട്ടുന്നതോടെ പടയണിക്ക് തുടക്കമാവും. മൂന്നു രാവുകളിലെ കാവുണർത്തലിന് ശേഷം മാർച്ച് ഒന്നിന് കാച്ചിക്കടുപ്പിച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ വിവിധ ഭാഗങ്ങളിൽ നിന്നും ദേവതമാരുടെ വരവായി.
ഇലന്തൂർ കിഴക്ക്, മേക്ക്, മണ്ണുംഭാഗം, വാര്യാപുരം, പരിയാരം, ഇടപ്പരിയാരം എന്നീ ആറ് കരകളിലും കോലപ്പുരകൾ ഒരുക്കുന്ന തിരക്കിലാണ് കരക്കാർ.
ഇലന്തൂർ ഭഗവതികുന്ന് ദേവീക്ഷേത്രത്തിൽ ഉത്സവം
പത്തനംതിട്ട: ഇലന്തൂർ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1 മുതൽ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . പടയണി ചൂട്ടുവയ്പ് ഇന്ന് വൈകിട്ട് 7 ന് നടക്കും. 1 ന് രാവിലെ 9 .30 ന് കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. ഉച്ചയ്ക്ക് 12 ന് കൊടിയേറ്റ് സദ്യ, രാത്രി 8 .30 ന് കഥാ പ്രസംഗം, 11 ന് പടയണി . ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, 8 ന് ഭാഗവത പാരായണം , വൈകിട്ട് 6.30 ന് ദീപാരാധന, രാത്രി 11 ന് പടയണി . 6 ന് രാവിലെ 9 ന് മകം പൊങ്കാല, 8 ന് രാത്രി വല്യപടയണി, 10 ന് രാവിലെ 9.30 ന് ആനയൂട്ട്, 10 ന് ആറാട്ട് ബലി, വൈകിട്ട് 4 ന് ആറാട്ട് എഴുന്നെള്ളത്ത്, രാത്രി 7 ന് നൃത്തനിശ, 11.30 ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ആർ. ശാന്തിലാൽ, വൈസ് പ്രസിഡന്റ് കെ. പി. മുകുന്ദൻ , ജോയിന്റ് കൺവീനർ ടി.ജി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |