തീമഴ പോലെ പെയ്തിറങ്ങിയ മിസൈലുകൾ, ബെലറൂസ് അതിർത്തിയിൽ നിന്ന് ഇരച്ചുകയറിയ ടാങ്കുകൾ, ഡൊണെസ്ക്, ലുഹാൻസ്ക് മേഖലയിൽ നിന്ന് പാരാട്രൂപ്പുകൾ....ഒരു വർഷം മുമ്പ് യുക്രെയിൻ ഉണർന്നത് ഈ നടുക്കത്തിലേക്കാണ്.
റഷ്യൻസേന കരയിൽ നിന്നും ആകാശത്തു നിന്നും യുക്രെയിനെ വളയുകയായിരുന്നു. ക്രൂസ് മിസൈലുകളും റോക്കറ്റുകളും ഗൈഡഡ് ബോംബുകളും തലസ്ഥാനമായ കീവിൽ ഉൾപ്പെടെ വ്യോമതാവളങ്ങളെയും മിലിട്ടറി ബേസുകളെയും കമാൻഡ് പോസ്റ്റുകളെയും ലക്ഷ്യമാക്കി ചീറീയെത്തി.
ഇതിനിടെ നമ്മുടെ കുട്ടികളും, ജീവനുവേണ്ടിയുള്ള പരക്കം പാച്ചിലുകൾ... ഒടുവിൽ സുരക്ഷിതമായി ജന്മനാട്ടിൽ. ഇന്ന് അവർ അതിജീവനത്തിന്റെ പാതയിലാണ്..
അവരിൽ ചിലർക്കൊപ്പം ...
മറക്കാനാകില്ല, പോകണം ഖാർക്കീവിലേക്ക്
പത്തനംതിട്ട : ഖാർക്കീവിന്റെ വേദനകളിൽ നിന്ന് മടങ്ങിയെത്തിയ ആദർശ് ഇപ്പോൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ (എഫ്.എം.ജി) പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഹൗസ് സർജൻസി ഒന്നരമാസം ബാക്കി നിൽക്കെയായിരുന്നു യുക്രെയിനിലേക്ക് റഷ്യയുടെ കടന്നുകയറ്റം. എഫ്.എം.ജി പരീക്ഷ പാസായതിന് ശേഷം രണ്ടുവർഷം ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്താൽ മാത്രമേ ഇവിടെ ജോലി ചെയ്യാൻ കഴിയു. മുമ്പ് ഒരു വർഷം മതിയായിരുന്നു. ഒന്നരമാസത്തെ വ്യത്യാസം കാരണം അത് രണ്ടായി. കഴിഞ്ഞ ഓഗസ്റ്റ് 27ന് ഡൽഹിയിൽ യുക്രെയിൻ എംബസി അധികൃതരും കോളേജ് അധികൃതരും ചേർന്ന് മെഡിക്കൽ ഗ്രാജുവേഷൻ പരിപാടി നടത്തിയിരുന്നു. സുഹൃത്തുക്കളെയെല്ലാം വീണ്ടും കണ്ടു. പഠിപ്പിച്ച അദ്ധ്യാപകർ കണ്ണുനീരോടെയാണ് സംസാരിച്ചത്. അവിടെ തണുപ്പ് കാലം ആരംഭിക്കുകയാണ്, ചിലപ്പോൾ യുദ്ധത്തിന് അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ കോളേജിൽ ക്ലാസ് ഉണ്ടായിരുന്നു. സാഹചര്യം രൂക്ഷമായതോടെ ഖാർക്കീവിൽ നിന്ന് മടങ്ങുകയായിരുന്നു. 2016 മുതൽ 2022 വരെ ജീവിച്ച നഗരമാണ്
കൺമുമ്പിൽ ചാരമായത്. ഇനിയും പോകണമെന്ന് ആഗ്രഹമുണ്ടെന്നും ആദർശ് പറയുന്നു.
എസ്.എൻ.ഡി.പി യോഗം 86-ാം പത്തനംതിട്ട ശാഖാപ്രസിഡന്റ് പത്തനംതിട്ട മേലെ വെട്ടിപ്രം ഭാസ്കരദീപം വീട്ടിൽ സി.ബി.സുരേഷ് കുമാറിന്റെയും ദീപാഭാസ്കറിന്റെയും മകനാണ് ആദർശ്.
അഞ്ചുവിനും ലോക്കിക്കും
ബംഗളൂരുവിൽ സുഖമാണ്
പത്തനംതിട്ട : യുക്രെയിനിലെ യുദ്ധമുഖത്തുനിന്ന് ജീവനും കൈയിലെടുത്ത് രക്ഷപെടുമ്പോഴും തന്റെ പൊന്നോമനയായ വളർത്തുപൂച്ചയെ ഉപേക്ഷിക്കാൻ അഞ്ചുദാസ് തയ്യാറായിരുന്നില്ല. അഞ്ചുവും ലോക്കിയെന്ന പൂച്ചയും ഇപ്പോൾ ബംഗളൂരുവിലുണ്ട്. ആറന്മുള പഞ്ചായത്തിലെ വല്ലന വാരിക്കാട്ടിൽ അംബികാ - ശിവദാസ് ദമ്പതികളുടെ മകളാണ് അഞ്ചുദാസ്. മെഡിക്കൽ പഠനം തീരാൻ രണ്ടുമാസം മാത്രമുള്ളപ്പോഴാണ് യുക്രെയിനിൽ യുദ്ധക്കെടുതികളിൽപ്പെട്ട് നാട്ടിലെത്തുന്നത്. യുക്രെയിനിലെ റൊമാനിയൻ അതിർത്തിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കനിഞ്ഞതുകൊണ്ട് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്താനായി. വളർത്തുമൃഗങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കാൻ കഴിയില്ലെന്ന് കേരളാഹൗസ് അധികൃതർ ആവർത്തിച്ച് നിലപാടെടുത്തതോടെ സ്വന്തം ചെലവിലാണ് എയർ ഇന്ത്യാ വിമാനത്തിൽ ലോക്കിയുമായി അഞ്ചു കേരളത്തിലെത്തിയത്. പഠനകാലത്തിന്റെ അവസാനനാളുകളിൽ നടുക്കുന്ന ഓർമ്മകളാണ് ഉണ്ടായതെങ്കിലും ലോക്കിയെ തനിക്കൊപ്പം കൊണ്ടുവരാൻ കഴിഞ്ഞതിന്റെ സന്തോഷം അഞ്ചുവിന്റെ മുഖത്തുണ്ട്. മെഡിക്കൽ പഠനം പൂർത്തിയാക്കിയ അഞ്ചു ബംഗളൂരു മീനാക്ഷി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചു. വല്ലനയിലെ വീട്ടിൽ നിന്ന് ലോക്കിയുമായിട്ടാണ് ജോലിത്തിരക്കുകൾക്കിടയിലും ബംഗളൂരുവിൽ കഴിയുന്നത്. 2022 ഫെബ്രുവരിയിലാണ് യുക്രെയിനിൽ റഷ്യസേന യുദ്ധമാരംഭിച്ചത്. യുദ്ധം തുടങ്ങിയതോടെ സംഘർഷമേഖലയിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 3നാണ് അഞ്ചുദാസ് കേരളത്തിൽ മടങ്ങിയെത്തിയത്.
വൈഷ്ണവ് പഠനം തുടരുന്നു,
ജോർജിയയിൽ
റാന്നി : യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് മെഡിക്കൽ പഠന സ്വപ്നങ്ങളും ബാക്കിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ റാന്നി സ്വദേശി വൈഷ്ണവ് മോഹൻ ഇന്ന് ജോർജിയയിൽ പഠനം തുടരുന്നു.റാന്നി ഇടപ്പാവൂർ ഉഷസ് വീട്ടിൽ മോഹൻ - ഉഷ ദമ്പതികളുടെ ഇളയ മകനാണ് 23 കാരനായ വൈഷ്ണവ്. ഖാർക്കീവ് കാർസിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു. യുദ്ധത്തെ തുടർന്ന് ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ടുവരെ ബങ്കറിലും മെട്രോ സ്റ്റേഷനുകളുടെ അണ്ടർ ഗ്രൗണ്ടുകളിലും അഭയം തേടിയത് ഇപ്പോഴും നടുക്കുന്ന ഓർമ്മയായി വൈഷ്ണവിൻറെ മനസ്സിലുണ്ട്.
ഇപ്പോൾ ടിബിലിസിയിൽ യൂറോപ്പ്യൻ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിൽ നാലാംവർഷ രണ്ടാംസെമസ്റ്റർ വിദ്യാർത്ഥിയായാണ്. 2023 ജനുവരിയിൽ പഠനം പുനരാരംഭിച്ചു. ആറുവർഷം കൊണ്ട് പൂർത്തിയാക്കേണ്ട കോഴ്സിൽ ഇനിയും രണ്ടുവർഷം ബാക്കിയാണ്.
അൽഷ മടങ്ങുകയാണ് യുക്രെയിനിലേക്ക്
പത്തനംതിട്ട : ഓൺലൈൻ ക്ലാസുകളുടെ തിരക്കിലാണ് അൽഷ. അടുത്ത മാസം യുക്രെയിനിലേക്ക് തിരിച്ചുപോകും. കൂടെയുണ്ടായിരുന്ന കുട്ടുകാരൊക്കെ തിരിച്ചുപോയി.
പേടിയുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകൾ ചെയ്യണമെങ്കിൽ തിരികെ പോകേണ്ടിവരും. നാലാം വർഷമായതിനാൽ ബാക്കി പഠനം പൂർത്തിയാക്കേണ്ടതുണ്ട്. ഹൗസ് സർജൻസിയും കഴിഞ്ഞെങ്കിൽ മാത്രമേ ജോലി ചെയ്യാനാകു. അതിനാൽ പോയേപറ്റു. യുദ്ധഭൂമിയിൽ നിന്ന് മടങ്ങുമ്പോൾ മൂന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അൽഷ. ഇപ്പോൾ നാലാംവർഷ വിദ്യാർത്ഥിനിയാണ്. യുക്രെയിനിലെ ഇവനോ ഫ്രാങ്ക് വിസ്ക്ക് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് അൽഷ പഠിക്കുന്നത്. പോളണ്ടിന്റെ ബോർഡറായതിനാൽ പ്രശ്നങ്ങൾ കുറവാണ്.
വെട്ടിപ്പുറം അഞ്ചക്കാല കുരുവിക്കാട്ടിൽ നാരകത്തിനാൽ വീട്ടിൽ പി.ഷെരീഫിന്റെയും മുംതാസിന്റെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |