കോഴഞ്ചേരി: സർ സി.പി.യ്‌ക്കെതിരെ നടത്തിയ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ ഓർമ്മകൾ ജ്വലിക്കുന്ന സ്മാരകം ഇനി കൂടുതൽ പ്രൗഢിയോടെ ഉയർന്നു നിൽക്കും. 20 ലക്ഷം രൂപ മുടക്കി സി.കേശവൻ സ്മാരകം നവീകരിക്കുമ്പോൾ അത് കോഴഞ്ചേരി എന്ന സ്ഥലനാമം സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം നേടിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാകും. കോഴഞ്ചേരിയുടെ ഹൃദയ മണ്ണിൽ 1935 മെയ് 11ന് ആണ് ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരുടെ സ്വൈര്യം കെടുത്തിയ സി.കേശവന്റെ ചരിത്രപ്രസിദ്ധമായ സിംഹഗർജ്ജനം എന്നറിയപ്പെടുന്ന കോഴഞ്ചേരി പ്രസംഗം നടക്കുന്നത്.
മുസ്ലീം, ക്രിസ്ത്യൻ, പിന്നാക്ക ഹിന്ദുക്കൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സി.കേശവൻ കോഴഞ്ചേരിയിൽ എത്തുന്നത്. സി.പി.യുടെ പൊലീസ് സി.കേശവന് വേണ്ടി തിരച്ചിൽ നടത്തുന്ന സമയത്ത് രഹസ്യമായി കോഴഞ്ചേരി ഗവ.ആശുപത്രിക്ക് എതിർവശത്തുള്ള പഴഞ്ഞിപുരയിടത്തിൽ ഉയർത്തിയ സ്റ്റേജിൽ സി.കേശവൻ എത്തി. അദ്ദേഹം സ്റ്റേജിൽ എത്താതിരിക്കാൻ നിരന്ന പൊലീസിന്റെ മുന്നിലൂടെ ഒരാളെ ആനയിച്ച് വരുന്ന മാതിരി പ്രവർത്തകർ ആർപ്പുവിളികളോടെ എതിരേൽക്കുകയും, ഇവരെ സ്റ്റേജിന് മുന്നിൽ തടയുമ്പോൾ പിന്നിലൂടെ അദ്ദേഹത്തെ സ്റ്റേജിലെത്തിക്കുകയുമായിരുന്നു. പ്രസംഗത്തിൽ സി.പി എന്ന ജന്തുവിനെ നമുക്കു വേണ്ട എന്ന പരാമർശം രാഷ്ട്രീയ മേഖലയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്.
ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാരിലൊരാളായി നിൽക്കുകയും പട്ടം താണുപിള്ള മന്ത്രിസഭയിൽ അംഗമാകുകയും തിരുകൊച്ചി മുഖ്യമന്ത്രിയായി മാറുകയും ചെയ്ത അദ്ദേഹത്തിന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയായി യോഗത്തെ നയിക്കാനും നിയോഗമുണ്ടായി.
ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിക്കും
കോഴഞ്ചേരി : ചരിത്രമുറങ്ങുന്ന കോഴഞ്ചേരി സി.കേശവൻ സ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വീണാ ജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപാ മുടക്കിയാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. സി.കേശവന്റെ വെങ്കല പ്രതിമയുടെ കേടുപാടുകൾ പരിഹരിച്ച് സ്വർണ നിറത്തിലേക്ക് മാറ്റിയാണ് പുന:സ്ഥാപിക്കുന്നത്. ചുറ്റും പുൽച്ചെടികളും പൂന്തോട്ടവും വൈദ്യുത അലങ്കാരങ്ങളും ഒരുക്കും. പ്രതിമ നനയാതിരിക്കുവാൻ മുകളിൽ സംവിധാനമൊരുക്കും. പണി പൂർത്തിയാകുമ്പോൾ കോഴഞ്ചേരിയുടെ മുഖച്ഛായ തന്നെ മാറുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു പറഞ്ഞു. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനിയർ വിജയകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ,വാർഡ് മെമ്പർ ഗീതു മുരളി, യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |