തിരുവല്ല : പമ്പ, മണിമല നദികൾ സംഗമിക്കുന്ന വളഞ്ഞവട്ടം കീച്ചേരിവാൽക്കടവിൽ ടൂറിസം പദ്ധതിയുമായി മുന്നോട്ടുപോകാൻ ആലോചനായോഗത്തിൽ തീരുമാനം. കടപ്ര ഗ്രാമപഞ്ചായത്ത് നാലാംവാർഡിലെ കീച്ചേരിവാൽക്കടവിൽ ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണുള്ളത്. കർക്കടകവാവിന് ബലിതർപ്പണ ചടങ്ങുകൾ മാത്രമാണ് നടക്കാറുള്ളത്. ഇതുകൂടാതെ ജലസേചനവകുപ്പിന്റെ ഒട്ടേറെ സ്ഥലം ഈപ്രദേശത്ത് കാടുകയറി കിടക്കുകയാണ്. ഓണക്കാലത്ത് കഴിഞ്ഞ വർഷങ്ങളിലായി ഗ്രാമോത്സവവും നടന്നുവരുന്നു. പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടൂറിസം, ജലസേചന വകുപ്പുകൾ സംയുക്തമായി വിശദമായ പ്രോജക്ട് തയ്യാറാക്കും. തുടർനടപടികൾക്കായി ജില്ലാപഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക്, കടപ്ര പഞ്ചായത്ത് പ്രസിഡന്റുമാർ രക്ഷാധികാരികളായി 25അംഗ കമ്മിറ്റി രൂപീകരിച്ചു. പുളിക്കീഴ് ബ്ലോക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു.സി.കെ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ സുഭാഷ് പദ്ധതി വിശദീകരണം നടത്തി. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാപഞ്ചായത്തംഗം മായാ അനിൽകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, മെമ്പർമാരായ മറിയാമ്മ എബ്രഹാം, ചന്ദ്രലേഖ, അഡ്വ.വിജി നൈനാൻ, ജിനു തുമ്പുംകുഴി, അരുന്ധതി അശോക്, വിശാഖ് വെൺപാല, രാജലക്ഷ്മി, ലിജി ആർ.പണിക്കർ, വാർഡ് മെമ്പർ മഞ്ജുഷ, മുൻ ജില്ലാപഞ്ചായത്തംഗം സജി അലക്സ്, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോസ്, അസി.എൻജിനീയർ രേഷ്മ എന്നിവർ പ്രസംഗിച്ചു.
പദ്ധതിക്ക് പൂർണ പിന്തുണ
കീച്ചേരിവാൽക്കടവ് ടൂറിസം പദ്ധതിക്ക് യോഗത്തിൽ പങ്കെടുത്തവരെല്ലാം പിന്തുണ അറിയിച്ചു. കുട്ടവഞ്ചി സവാരി, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, തണൽമരങ്ങൾ, ബോട്ടിംഗ്, ഓപ്പൺ സ്റ്റേജ്, ഉദ്യാനം, വോളിബോൾ, ഷട്ടിൽ കോർട്ടുകൾ എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. ജില്ലാടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ സാദ്ധ്യതകൾ വിശദീകരിച്ചു. പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകളെല്ലാം പഠിച്ച് പദ്ധതിക്ക് വിശദമായ രൂപരേഖ തയ്യാറാക്കാനും കൺസൾട്ടന്റിനെ കൊണ്ട് പ്ലാൻ തയ്യാറാക്കി ചെലവുകൾക്ക് പണം കണ്ടെത്താനും തീരുമാനിച്ചു. നിലവിലുള്ള ബലിതർപ്പണത്തിന് തടസമുണ്ടാകരുതെന്നും ആവശ്യമുയർന്നു. സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തി വികസനം സാദ്ധ്യമാക്കണമെന്നും അഭിപ്രായമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |