അടൂർ : ലോക സിനിമയ്ക്ക് അടൂർ ഗോപാലകൃഷ്ണൻ എന്ന ഇതിഹാസ പുരുഷനെയും മലയാള സിനിമയ്ക്ക് അടൂർ ഭാസി മുതൽ ഒരുപിടി അഭിനയ പ്രതിഭകളെയും സമ്മാനിച്ച അടൂരിന്റെ മണ്ണിൽ ഇന്ന് വലിയ സ്ക്രീനിൽ സിനിമ കാണാൻ അവസരമില്ല. നാടിന് സിനിമയുടെ വലിയ കാഴ്ച പകർന്നു നൽകിയ നയനം, നാദം, സ്മിത എന്നീ തീയേറ്ററുകൾ പ്രവർത്തനം നിലച്ചിട്ട് നാളുകളേറെയായി. അത്യാധുനിക രീതിയിൽ മൾട്ടിപ്ലക്സ് തീയേറ്ററുകളായി ഇവിടെ പ്രദർശനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ച സിനിമ പ്രേമികളും നിരാശയിലാണ്. നയനം, നാദം തീയേറ്ററുകളുടെ നവീകരണം പകുതി വഴിയിലാണ്. സ്മിത തീയേറ്ററും പ്രവർത്തന സജ്ജമായിട്ടില്ല. തീയേറ്റർ സിനിമ അനുഭവിക്കണമെങ്കിൽ അടൂരുകാർക്കിപ്പോൾ പത്തനംതിട്ട, പന്തളം, നൂറനാട്, കൊട്ടാരക്കര, പത്തനാപുരം തുടങ്ങിയ സമീപ നഗരങ്ങളെ ആശ്രയിക്കണം. അനുദിനം പുതിയ സംരംഭങ്ങൾക്ക് ഇടമൊരുങ്ങുന്ന അടൂരിൽ തീയേറ്റർ വ്യവസായത്തിന് ആരെങ്കിലും നിക്ഷേപം നടത്താൻ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. അടൂരിൽ തീയേറ്ററുകൾ സജീവമായാൽ സർക്കാരിനും നഗരസഭയ്ക്കും വിനോദ നികുതി ഇനത്തിൽ നേട്ടമാകും. എന്നാൽ ഈ കാര്യത്തിൽ ക്രിയാത്മകമായ ഇടപെടൽ നടക്കുന്നില്ല എന്ന പരിഭവവും സിനിമാപ്രേമികൾക്കിടയിലുണ്ട്. ഫാൻസ് ഷോയും ആഹ്ലാദ പ്രകടനവും ഹൗസ് ഫുൾ ചിത്രങ്ങൾ കണ്ടുകൂട്ടത്തോടെ മടങ്ങുന്ന പ്രേക്ഷകരുമൊക്കെ അടൂരിന്റെ കഴിഞ്ഞകാല സിനിമ കാഴ്ചകളായി മാറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |