പത്തനംതിട്ട : ജില്ലയിൽ സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികൾ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂൾ പദ്ധതി മുടങ്ങി. പത്ത് ജില്ലകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ പദ്ധതിക്ക് സ്ഥലം അന്വേഷിച്ചത് പന്തളത്തും മല്ലപ്പള്ളിയിലുമാണ്. പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പടിഞ്ഞാറ് വശത്തായി രണ്ട് ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഇവിടെ പരിശീലനത്തിന് ഗ്രൗണ്ട് ഒരുക്കുകയും ഓഫീസ് നിർമ്മിക്കുകയും വേണം. ഇതിനുള്ള നടപടികളാണ് സ്തംഭിച്ചത്.
മല്ലപ്പള്ളിയിൽ കണ്ടെത്തിയ സ്ഥലം വെള്ളക്കെട്ടായതിനാൽ വേണ്ടെന്നുവച്ചു. സ്ഥലം നികത്തിയെടുക്കാൻ വലിയ ചെലവ് വരുമെന്നതായിരുന്നു കാരണം.
കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയാൽ സ്വകാര്യ മേഖലയേക്കാൾ കുറഞ്ഞ ഫീസ് നിരക്കിൽ പരിശീലനം നടത്താനാകും. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽപെട്ട കാറുകൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിനുള്ള ഫീസ് തന്നെയാണ് ഹെവി മോട്ടോർ വെഹിക്കിൾ പഠിക്കുന്നതിനും കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് പരിശീലന നിരക്കുകൾ
കാറിനും ഹെവി വാഹനങ്ങൾക്കും : 9,000.
ഇരുചക്രവാഹനങ്ങൾക്ക് : 3,500 രൂപ. (ഗിയർ ഉള്ളതിനും ഇല്ലാത്തതതിനും)
കാറും ഇരുചക്രവാഹനവും ചേർത്ത് : 11,000 രൂപ
(പരിശീലനത്തിെന് ഓൾട്ടോ കെ 10 കാർ, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നു)
സ്വകാര്യ സ്ഥാപനങ്ങിലെ നിരക്ക്
ഹെവി വാഹനങ്ങൾക്ക് : 15,000 രൂപ.
കാർ ഡ്രൈവിംഗിന് : 12,000 - 14,000.
ഇരുചക്രവാഹനങ്ങൾക്ക് : 6000 രൂപ.
36 ഇടങ്ങളിൽ
കഴിഞ്ഞ വർഷം ജൂണിലാണ് കെ.എസ്.ആർ.ടി.സി നേരിട്ട് നടത്തുന്ന ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 14 ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി ഹിറ്റായതോടെ രണ്ടാം ഘട്ടമായി 22 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 21 കാറുകൾ കൂടി കെ.എസ്.ആർ.ടി.സി വാങ്ങി.
പന്തളത്ത് ഡ്രൈവിംഗ് സ്കൂളിന് കണ്ടത്തിയ സ്ഥലത്ത് ഗ്രൗണ്ട് ഒരുക്കുന്നതിനും ഓഫീസ് നിർമ്മിക്കുന്നതിനും തുടർ നടപടികൾ ഉണ്ടാകും.
കെ.എസ്.ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |