പത്തനംതിട്ട: കാലവർഷം തുടങ്ങാൻ രണ്ടാഴ്ച ബാക്കി. ജില്ലയിലെ പ്രധാന റോഡുകളിൽ ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികൾ അടച്ചില്ല. മഴയ്ക്ക് മുമ്പ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ റോഡിലെ കുഴികൾ കുളങ്ങളാകും. റോഡ് യാത്ര ദുരിതമാകും. അപകടസാദ്ധ്യതയേറും. തിരുവല്ല - കുമ്പഴ (ടി.കെ) റോഡിൽ അപകടക്കുഴികളേറെയാണ്. ഒൻപത് വർഷം മുമ്പ് ബി.എം. ആൻഡ് ബി.സി നിലവാരിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടന്നില്ല. റോഡിന് വീതി കൂട്ടാനുള്ള അലൈൻമെന്റ് നടപടികൾ നടന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ടി.കെ റോഡ് കണ്ടാൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചതെന്ന് തോന്നും. അമിതവേഗതയിൽ വാഹനം ഒാടിച്ചു വരുന്നവർ മുന്നിലെ കുഴിയിൽ ചാടുന്നത് അവിചാരിതമായാണ്.
33 കിലോമീറ്ററിൽ 4 അപകട മേഖലകൾ
1 തെക്കേമല - പത്തനംതിട്ട
ഇൗ പാതയിലാണ് അപകട സ്ഥലങ്ങൾ ഏറെയുള്ളത്. ഇലന്തൂരിൽ എത്തിയാൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ ടാർ ചെയ്ത് അടച്ച ഭാഗം ഉയർന്നും താഴ്ന്നുമാണ്. നിരപ്പല്ലാത്ത റോഡിൽ അപകടം പതിയിരിക്കുന്നുണ്ട്. ഇലന്തൂർ മുതൽ വാര്യാപുരം വരെ മൂന്നു കിലോമീറ്റർ പാത വലിയ വളവുകൾ ഇല്ലാതെ നീണ്ടുനിവർന്നാണ് കിടക്കുന്നത്. ഈ ഭാഗത്തുകൂടി അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. പാലച്ചുവട് എത്തുമ്പോൾ ഏകദേശം 30 മീറ്റർ ഭാഗത്ത് അപകടക്കുഴികൾ. നേരത്തെ വെള്ളക്കെട്ട് നിലനിന്നിരുന്ന ഇവിടം ഒരു വർഷം മുമ്പ് ടാർ ഇളകി. വശങ്ങളിൽ ഓടയും കലുങ്കും നിർമ്മിച്ച ശേഷം റോഡ് ഉയർത്തി സാധാരണ രീതിയിലാണ് ടാർ ചെയ്തത്. നിലവാരമുള്ള പാതയിൽ നിന്നും പഴയ രീതിയിൽ നിർമ്മിച്ച ഭാഗത്തേക്ക് വാഹനം കയറുമ്പോൾ വാഹനങ്ങൾക്ക് കുലുക്കം ഏറെയാണ്.
2 പാലച്ചുവടിനും മിൽമാപടിക്കും മദ്ധ്യേ ഇവിടെ റോഡ് പൊട്ടിക്കിടക്കുന്നതു കാണാം. അടുത്തുവരുമ്പോൾ മാത്രമേ കാണാൻ കഴിയു. റേഷൻ പടി പിന്നിട്ടാൽ കയറ്റമായി. ഇവിടെ പാതയുടെ വലതുഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് ഒരു മാസത്തിലേറെയായി. ടാർ ഇളകി കിടക്കുന്നു. വാര്യാപുരം ഇറക്കമിറങ്ങി വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ ഇറങ്ങി നിയന്ത്രണം വിട്ട് മറിയാനുള്ള സാദ്ധ്യതയുണ്ട്.
3 വാര്യാപുരം കയറ്റം ഇവിടെ ചതിക്കുഴികൾ ധാരാളം. അടുത്തിടെ നാട്ടുകാർ മണ്ണിട്ട് കുഴി മൂടാൻ ശ്രമിച്ചിരുന്നു. അത് മഴയിൽ ഒലിച്ചുപോയി പഴയ പടിയായി. വളവും ഇറക്കവും കഴിഞ്ഞ് നിരപ്പായ സ്ഥലം എത്തുമ്പോൾ ഗട്ടർ ഇല്ലെങ്കിലും പ്രതലം ഉയർന്നും താണും കിടക്കുന്നു. പരാതികൾ പലതുനൽകിയിട്ടും അറ്റകുറ്റപ്പണിക്ക് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
4 പത്തനംതിട്ട കളക്ടറേറ്റ് പടി കഴിഞ്ഞ് നഗരത്തിലേക്കുള്ള പാതയിലും അപകടാവസ്ഥയിലാണ് റോഡ്. നിരവധി വാഹനങ്ങളും യാത്രക്കാരുമുണ്ടെങ്കിലും പലഭാഗവും തകർന്നു. നടപ്പാതകളും നാശാവസ്ഥയിലാണ്. നഗരഹൃദയമാണെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |