കൊച്ചി: 89-ാം പിറന്നാളിലും കെ.എൽ. മോഹനവർമ്മ പതിവുകൾ തെറ്റിച്ചില്ല. ആശംസ അറിയിച്ചെത്തിയവർക്ക് കുശലവും പുസ്‌തകവും സമ്മാനം. തന്റെ ചിന്തകൾക്ക് ഉൗർജ്ജം പകർന്ന കാളിദാസന്റെ നാടായ ഉജ്ജയിനിയിലേക്ക് യാത്രയ്‌ക്ക് ഒരുങ്ങുകയാണ് അടുപ്പക്കാർ വർമ്മാജി എന്നു വിളിക്കുന്ന അദ്ദേഹം.
ജന്മദിനത്തിലും എറണാകുളം ശിവക്ഷേത്രത്തിൽ നടതുറക്കുന്ന പുലർച്ചെ മൂന്നിന് അദ്ദേഹം ഉണർന്നു. വാട്ട്‌സാപ്പ് സന്ദേശങ്ങൾ വായിച്ച് മറുപടികൾ അയച്ചു. പ്രാർത്ഥനകൾ കഴിഞ്ഞ് എട്ടിന് പ്രിയപ്പെട്ട ഇഡ്ഡലിയും സാമ്പാറും കഴിച്ചു. അപ്പോഴേക്കും പിറന്നാൾ ആശംസകൾ നേർന്ന് വിളികൾ വന്നുതുടങ്ങി.
സുഹൃത്തുക്കളും മഹാകവി കാളിദാസ സാംസ്‌കാരിക വേദി ഭാരവാഹികളും പൊതുപ്രവർത്തകരുമായ പി. രാമചന്ദ്രൻ, സി.ഐ.സി.സി ജയചന്ദ്രൻ. ജി ഗോപിനാഥൻ, സി.ജി. രാജഗോപാൽ എന്നിവർ മധുരവുമായെത്തി. പിറന്നാൾ ആദരവായി പൊന്നാട അണിയിച്ച് മധുരം നൽകി. ഭാര്യ രാധാവർമ്മ മൈസൂർ പാക്കും മധുരവും നൽകി. അതിഥികൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി ഓഹരി, ചമ്പൽ, ക്രിക്കറ്റ് തുടങ്ങി താനെഴുതിയ പുസ്തകങ്ങൾ കൈയൊപ്പിട്ട് സമ്മാനിച്ചു.
എഴുത്തുകാർ എഴുതുക മാത്രമല്ല, വായിക്കുകയും വായിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ എല്ലാ മാറുമെങ്കിലും അക്ഷരങ്ങളും അക്കങ്ങളും ഒരിക്കലും മാറില്ല. പുതുതലമുറയുടെ വായനാ ശക്തി വർദ്ധിച്ചിട്ടുണ്ട്. അകമറിയുന്ന വായന വ്യക്തിയെ പരിപൂർണതയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മക്കളായ സുഭാഷ്, കവിത അരവിന്ദ്, പേരക്കുട്ടികളായ അദ്വൈത്, അശ്വൻ വർമ്മ, അർജൻ വർമ്മ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |