പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ഇനി പതിമൂന്ന് ദിവസം ബാക്കി. അടുത്തമാസം രണ്ടിന് സ്കൂൾ തുറക്കുമ്പോൾ പുതിയ യൂണിഫോം ധരിച്ച് കുട്ടികൾക്ക് സ്കൂളുകളിൽ എത്താനാകുമെന്ന് ഉറപ്പില്ല. സർക്കാരിന്റെ സൗജന്യ യൂണിഫോം വിതരണം എങ്ങുമെത്തിയില്ല. കൈത്തറി വസ്ത്രങ്ങളാണ് യൂണിഫോമിന് നൽകുന്നത്. പുതിയ അദ്ധ്യയന വർഷത്തെ സൗജന്യ യൂണിഫോം പദ്ധതി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ
വർഷം സൗജന്യ യൂണിഫോം വിതരണം വൈകിയിരുന്നില്ല. സ്കൂൾ തുറക്കുന്നതിന് മുൻപായി ഭൂരിഭാഗം സ്കൂളുകളിലും യൂണിഫോം എത്തിയിരുന്നു. ഇത്തവണ വൈകാതിരിക്കാനാണ് പദ്ധതി നേരത്തേ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനതല ഉദ്ഘാടനം നടന്നതല്ലാതെ വിതരണത്തിന് നടപടികളുണ്ടായിട്ടില്ലെന്ന് സ്കൂൾ പ്രഥമാദ്ധ്യാപകർ പറയുന്നു. സർക്കാർ സ്കൂളുകളിലെ എല്ലാവിദ്യാർത്ഥികൾക്കും എയിഡഡ് സ്കൂളുകളിൽ എട്ടാം ക്ളാസ് വരെയുള്ള കുട്ടികൾക്കുമാണ് രണ്ട് ജോഡി യൂണിഫോം നൽകുന്നത്. എസ്.എസ്.കെ, ബി.ആർ.എസി, പട്ടികജാതി വകുപ്പുകൾ മുഖേനയാണ് വിവിധ സ്കൂളുകൾക്ക് യൂണിഫോം വിതരണം ചെയ്യുന്നത്.
അടുത്തയാഴ്ചകളിൽ വസ്ത്രങ്ങൾ ലഭിച്ചാൽ തന്നെ തയ്യൽ കഴിയുമ്പോഴേക്കും ജൂൺ പകുതിയെങ്കിലുമാകുമെന്ന് അദ്ധ്യാപകർ പറയുന്നു.
തയ്യൽ കടകളിൽ തിരക്ക്
സ്വകാര്യ, അൺ എയിഡഡ് സ്കൂളുകളിലെ കുട്ടികൾക്കുള്ള യൂണിഫോമുകൾ തയ്യൽ കടകളിൽ നിറഞ്ഞു. സർക്കാർ സ്കൂളുകളിലെ യൂണിഫോമുകൾ തയ്ക്കുന്നതിന് ജൂൺ പകുതി കഴിഞ്ഞേ ഓർഡറുകൾ സ്വീകരിക്കുന്നുള്ളൂവെന്ന് കട ഉടമകൾ പറയുന്നു. ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോം തയ്ക്കണം. തയ്യൽ തൊഴിലാളികൾ പകലും രാത്രിയും ജോലി ചെയ്താണ് യൂണിഫോം തയ്ക്കുന്നത്.
മുന്നൊരുക്കങ്ങളായില്ലെന്ന് ആക്ഷേപം
സ്കൂളുകളിൽ യൂണിഫോം പാഠപുസ്തക വിതരണം നടത്തുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വീഴ്ച വരുത്തുന്നതായി കേരള ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ കുറ്റപ്പെടുത്തി. ഇതുവരെ സ്‌കൂളുകളിൽ യൂണിഫോം ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങൾ ഭാഗികമായേ എത്തിയിട്ടുള്ളൂ.
ഗവൺമെന്റ് സ്‌കൂളുകളിൽ നൂറുകണക്കിന് അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തണമെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.ടി.കെ ഇസ്മയിൽ, ട്രഷറർ ഷീബ കെ.മാത്യു, സെക്രട്ടറിമാരായ ആർ.ശ്രീജിത്ത്, മുഹമ്മദലി ചാലിയൻ തുടങ്ങിയവർ സംസാരിച്ചു.
പാഠപുസ്തക വിതരണം ഏറെക്കുറെ പൂർത്തിയായി. യൂണിഫോം വിതരണം ആരംഭിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |