കോന്നി : നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിലെ കല്ലേലി, കുളത്തുമൺ ഭാഗങ്ങളിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലകൾ കാട്ടാന ഭീതിയിലാണ്. കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചിട്ട് കാട് കയറുന്നത് പതിവായിരിക്കുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റ് ഭാഗത്തും നിരവധി തവണ കാട്ടാന ആക്രമണമുണ്ടായി. കോന്നി - കൊക്കാത്തോട് വനപാതയിലെ കല്ലേലി ഭാഗത്ത് രാത്രിയിലും പകലും കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്. കുളത്തു മണ്ണിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവം അടുത്തിടെ ഏറെ വിവാദമായി മാറിയിരുന്നു. കല്ലേലിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് മുതൽ ശിവ ചാമുണ്ഡി ക്ഷേത്രം വരെയുള്ള ഭാഗങ്ങളിൽ ഒറ്റയാന്റെ സാന്നിദ്ധ്യം പതിവാണ്. കുളത്തുമണ്ണിലെ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തി. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളും ഭയപ്പാടിലാണ്. ഇവിടെ പലതവണ തൊഴിലാളികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
വനാതിർത്തികളിലെ പല കൃഷിയിടങ്ങളിലും നിരവധി തെങ്ങും കവുങ്ങുകളുമാണ് കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചത്. നഷ്ടപരിഹാരം ലഭിക്കാറില്ല എന്നും കർഷകർ പറയുന്നു. കാട്ടാന ശല്യം വർദ്ധിച്ചതോടെ കൃഷി ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് കർഷകർ.
സൗരോർജ വേലികൾ തകർന്നു
വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ വേലികൾ പലതും പ്രവർത്തനക്ഷമമല്ലാത്തതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങാൻ പ്രധാന കാരണം. സൗരോർജ വേലികളുടെ അറ്റകുറ്റപണികൾ യഥാസമയത്ത് നടത്താത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു. വനാതിർത്തികളിൽ വലിയ കിടങ്ങുകൾ കുഴിച്ചോ സൗരോർജ വേലികൾ തീർത്തോ സംരക്ഷണം നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കാട്ടാനശല്യം ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. പരിഹാരം ഉണ്ടാകണം.
മിനി മോഹൻ(സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |