മഴക്കാലം തുടങ്ങി. രണ്ടുനാൾ തോരാതെ പെയ്താൽ മതി. നാട് വെള്ളത്തിലാകും നദികൾ കരകവിഞ്ഞും ഉരുൾപൊട്ടിയുമൊക്കെയാണ് പണ്ട് വെള്ളപ്പൊക്കം ഉണ്ടായത്. ഇന്ന് അതൊന്നും വേണ്ട. റോഡിലെ കെട്ടിക്കിടക്കുന്ന വെള്ളം മതി വഴി മുടക്കാൻ. വീടുകളിലേക്ക് കയറാൻ. എല്ലായിടത്തും വളരെപ്പെട്ടെന്നാണ് വെള്ളപ്പൊക്കമുണ്ടാകുന്നത്. ഒഴിഞ്ഞുപോകാൻ വെള്ളത്തിന് വഴിയില്ല. പെയ്തുവീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള വഴിയറിയാതെ പകച്ചുനിൽക്കുകയാണ്. ഇറങ്ങിപ്പോകാൻ വഴിയില്ലാതെ പകച്ചുനിൽക്കുന്ന വെള്ളത്തിനെയാണ് വെള്ളപ്പൊക്കമെന്ന് വിളിക്കുന്നത്.കുറേ മഴ പെയ്താലും വെള്ളത്തിന് ഒഴുകിപ്പോകാൻ പണ്ട് വഴികളുണ്ടായിരുന്നു. പറമ്പുകളുടെ അതിരിലൂടെ ചെറിയ കൈത്തോടുകളുണ്ടായിരുന്നു. പാടത്തെ വരമ്പുകൾക്കിടയിലൂടെ വെള്ളത്തിന് വഴിയുണ്ടായിരുന്നു. വെള്ളത്തെ പിണക്കാതെയാണ് പഴയ മനുഷ്യർ ജീവിച്ചത്. ജീവന്റെ ആധാരം വെള്ളവും കൂടിയാണെന്ന് അവർക്ക് അറിയാമായിരുന്നു.
വീട് വയ്ക്കുന്നതിന് മുമ്പ് കിണർ കുഴിക്കുന്നത് അതുകൊണ്ടാണ്. ആദ്യം വേണ്ടത് വെള്ളമാണ്. കുടിലായാലും കൊട്ടാരമായാലും അതുകഴിഞ്ഞുമതി. പെയ്തുവീണ് മണ്ണിൽ താഴ്ന്ന ശേഷം മിച്ചമുള്ള വെള്ളം പല കൈവഴികളിലൂടെ ഒഴുകി കടലിലേക്കുള്ളതാണ്. അത് കെട്ടിക്കിടക്കാനുള്ളതല്ല. അതിനുവേണ്ടിയാണ് കാടുകയറാതെ, മണൽപ്പുറ്റുനിറയാതെ , മാലിന്യം തള്ളാതെ അവർ നദികളെ കാത്തുസൂക്ഷിച്ചത് . ഗംഗയും യമനുയും പമ്പയുമൊക്കെ പുണ്യനദികളായത് അങ്ങനെയാണ്. പ്രകൃതി നൽകുന്ന പുണ്യമാണ് വെള്ളം. അതിനെ വിലക്കരുത്.
പാൽ ചുരത്താനുള്ളതെന്ന പോലെ വെള്ളം ഒഴുകിപ്പോകാനുള്ളതാണ്. രണ്ടും കെട്ടിനിൽക്കരുത്. രോഗമാണ്. ഒന്ന് ശരീരത്തിനും . മറ്റേത് പ്രകൃതിക്കും. ആ ഒഴുക്കിന് വേണ്ടിയാണ് കൈത്തോടുകളെ പഴയ മനുഷ്യർ കരുതിവച്ചത്. ഒരു ഗ്രാമത്തിൽ നിരവധി കൈത്തോടുകളുണ്ടാകും. ഇന്ന് കൈത്തോടുകളുടെ എണ്ണം കുറഞ്ഞു. നികത്തിയെടുത്തതാണ്. ചതുപ്പുനിലങ്ങളെ, ചെറിയ ജലാശയങ്ങളെ, പാടങ്ങളെ മണ്ണിട്ടുനികത്തി. പണ്ട് ഒഴുകിപ്പോയിരുന്ന വഴികളുടെ മാറ്റം കണ്ട് വെള്ളം മരവിച്ചുനിൽക്കുകയാണ് !. മണ്ണിട്ട് നികത്തിയെടുത്ത , മതിൽകെട്ടി പകുത്തെടുത്ത വെള്ളത്തിന്റെ വഴികളിലിരുന്ന് മനുഷ്യർ വെള്ളപ്പൊക്കത്തെ ശപിക്കുന്നു.
പത്തനംതിട്ട നഗരത്തിൽ നിർമ്മാണം നടക്കുന്ന അപ്രോച്ച് റോഡിന്റെ മൺതിട്ട കഴിഞ്ഞ മഴയിൽ ഇടിഞ്ഞുവീണു. അവിടെ മാത്രമല്ല, പലയിടത്തും മണ്ണിടിയുകയാണ്. വെള്ളത്തിന്റെ വഴി തടഞ്ഞ് മനുഷ്യർ കെട്ടിപ്പൊക്കിയ നിർമ്മിതികളിലൊക്കെ വിള്ളൽ വീഴുകയാണ്. പ്രകൃതിക്ക് ഒരു നിയമമുണ്ട്. ആ നിയമത്തിൽ മനുഷ്യൻ മാറ്റം വരുത്തുമ്പോൾ വെള്ളത്തിന് നിറയാനും മണ്ണിന് ഇടിയാനുമേ കഴിയു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |