തിരുവല്ല : മഴ ശമിച്ചത് ആശ്വാസമായെങ്കിലും താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. ഇന്നലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ ക്യാമ്പുകൾ 34 എണ്ണമായി വർദ്ധിച്ചു. നിരണം, കടപ്ര, പെരിങ്ങര, കാവുംഭാഗം എന്നീ വില്ലേജുകളിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നത്. 377 കുടുംബങ്ങളിലെ 1274 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. 501 പുരുഷന്മാരും 522 സ്ത്രീകളും 251 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. താലൂക്കിന്റെ കിഴക്കൻ മേഖലകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. ഗ്രാമീണ മേഖലയിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി. ജനങ്ങളുടെ യാത്രാമാർഗവും നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തകരാറിലായ വൈദ്യുതി വിതരണം ഇന്നലെ ചിലയിടങ്ങളിൽ പരിഹരിച്ചു. എന്നാൽ പടിഞ്ഞാറൻ മേഖലകളിൽ വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി മേയ് മാസത്തിലുണ്ടായ വെള്ളപ്പൊക്കം കൃഷിക്കും വലിയ നാശനഷ്ടമുണ്ടാക്കി. വാഴ, മരച്ചീനി, പച്ചക്കറി എന്നിവയെല്ലാം വ്യാപകമായി നശിച്ചു. വെള്ളം താഴ്ന്നെങ്കിൽ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭിക്കൂയെന്ന് അധികൃതർ പറഞ്ഞു.
പൊഴി മുറിച്ചത് ആശ്വാസം
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടി നീരൊഴു വർദ്ധിപ്പിക്കുന്നതിനായി ഒന്നിൽ കൂടുതൽ ജെ.സി.ബികൾ ഉപയോഗിച്ച് പൊഴി മുറിച്ചത് ആശ്വാസമായി. കൂടുതൽ അളവിൽ വെള്ളം കടലിലേക്ക് ഒഴുകുന്നതിനാൽ ജലനിരപ്പിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നത്. അപ്പർ കുട്ടനാട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം സ്പിൽവേയിലൂടെ ഒഴുകി മാറുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |