മെഴുവേലി : അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാൻ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളൻവാതുക്കൽ 72 -ാനമ്പർ അങ്കണവാടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അങ്കണവാടി ജീവനക്കാർക്ക് കൂടുതൽ വേതനം നൽകുന്നത് കേരളത്തിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകുന്നതിനാണ് വനിതാശിശു വികസന വകുപ്പ് സർക്കാർ പ്രത്യേകമായി രൂപീകരിച്ചത്. സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 215 സ്മാർട്ട് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നു. 2400 അങ്കണവാടികൾ വൈദ്യുതീകരിച്ചു. ഈ വർഷം മുതൽ കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം മുട്ടയും പാലും നൽകും. പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'കാവൽ പ്ലസ്' പോലുള്ള പദ്ധതി രാജ്യത്തിന് മാതൃകയെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ വളർച്ച നിരിക്ഷീച്ച് അവലോകനം ചെയ്യുന്നതിന് വകുപ്പ് തയ്യാറാക്കിയ കുഞ്ഞൂസ് കാർഡ് വിതരണം, വെൽക്കം കിറ്റ്, സഞ്ജു സാംസൺ ഫൗണ്ടേഷൻ വഴി നൽകിയ ബാഗുകളുടെ വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, മുൻ എം.എൽ.എ കെ.സി രാജഗോപാൽ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.അജയകുമാർ, ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ രാജൻ, ലാലി ജോൺ, വി.എം.മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |