പത്തനംതിട്ട : ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്തനംതിട്ട പുസ്തകോത്സവം 7,8,9 തീയതികളിൽ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ പ്രമുഖ പ്രസാധകർ മേളയിൽ പങ്കെടുക്കും. 7ന് രാവിലെ 10ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ സ്വാഗതം പറയും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ വായനാ സന്ദേശം നൽകും. യോഗത്തിൽ തുളസീധരൻ ചാങ്ങമണ്ണിൽ എഴുതിയ സെമിത്തേരിയിലെ ചെകുത്താൻ, സുജാത കെ.പിള്ള എഴുതിയ യമം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
ഉച്ചയ്ക്ക് 2.30ന് കവിസമ്മേളനം കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
8ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ എസ്.ഹരീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ വിജ്ഞാനീയം പുസ്തകം ഗ്രന്ഥശാലകൾക്ക് വിതരണം ചെയ്യും. ഉച്ചയ്ക്ക് 2ന് ബാലവേദി സംഗമം ജില്ലാ വായനാമത്സര ജേതാവ് വി.നിരഞ്ജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബാലവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾനടക്കും.
9 ന് ഉച്ചക്ക് 2ന് സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി.നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാലകൾക്കും, സ്‌കൂൾ കോളേജ് ലൈബ്രറികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആകർഷക വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സലിം കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കാശിനാഥൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |