പത്തനംതിട്ട : മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന രണ്ട് നാടോടിസ്ത്രീകളെ മലയാലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് വള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ (42) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലര പവന്റെ മാലയാണ് നഷ്ടമായത്. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഈമാസം ഒന്നിന് രാവിലെ 8.30നും ഒൻപതിനും ഇടയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപംവച്ച് വീട്ടമ്മയുടെ മാല അപഹരിച്ചത്. അന്ന് തന്നെ വീട്ടമ്മ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെന്നു സംശയിക്കുന്ന മൂന്ന് സ്ത്രീകൾ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നിൽക്കുന്നത് കണ്ടു. പ്രതികളിൽ ഒരാളായ രതി, മധു, അനു എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീക്ക് സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും, അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് ഒന്നാം പ്രതി ജൂലിയെ തമിഴ്നാട് പൊള്ളാച്ചി കോട്ടൂരിൽ നിന്നും രണ്ടാം പ്രതി ജക്കമ്മാളെ പാലക്കാട് ചിറ്റൂർ അഞ്ചാംമൈലിൽ നിന്നും കസ്റ്റഡിയിലെടുത്തു.
ജക്കമ്മാളെ റെനോൾട് ഇനത്തിൽപെട്ട കാറുമായാണ് പിടികൂടിയത്. മോഷണം നടത്തി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതാണ് കാർ എന്ന സംശയത്തെ തുടർന്ന് കാറും കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈയ്യിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ സ്വർണം, ജയിലിൽ കഴിയുന്ന മൂന്നാം പ്രതി രതി വിറ്റതായും, കിട്ടിയ പണം മൂവരും പങ്കുവച്ചതായും സമ്മതിച്ചു. ഇവിടുത്തെ മോഷണത്തിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ മുണ്ടക്കയം, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സമാന കുറ്റകൃത്യങ്ങളിലെ ഇവരുടെ പങ്കിനെപ്പറ്റി മലയാലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരക്കിന്റെ മറവിൽ കവർച്ച
ഭക്തജനത്തിരക്കുള്ള ഞായറാഴ്ച ദിവസങ്ങളിലാണ് കൂടുതലും മോഷണം നടത്തിയിരിക്കുന്നത്. വഞ്ചിയൂർ സ്റ്റേഷനിലെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്നാം പ്രതിയെ ജയിലിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും മോഷ്ടിച്ച മാല കണ്ടെത്തണമെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.അഷാദിന്റെ മേൽനോട്ടത്തിൽ മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.വിജയൻ, എസ്.ഐ.മാരായ വി.എസ്.കിരൺ, ബി.പ്രസന്നൻ പിള്ള, ഗ്രേഡ് എസ്.ഐ എ.പി.അജികുമാർ, എസ്.സി.പി.ഓ അജിത് പ്രസാദ്, സി.പി.ഓ മാരായ ജ്യോതിഷ് കുമാർ, ഡി.അമൽരാജ്, എസ്.അനിൽ, ആർ.അർജുൻ, ആർ.അരുൺ രാജ്, ആർ.വിഷ്ണുരാജ്, എം.പ്രിയേഷ്, കെ.ആർ.പ്രബീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |