പത്തനംതിട്ട : സർക്കാർ സ്കൂളുകൾ സ്മാർട്ടായെങ്കിലും ഒന്നാം ക്ളാസിൽ ഇത്തവണ കുട്ടികൾ കുറവ്. കുട്ടികളെ ആകർഷിക്കാൻ നടപ്പാക്കിയ പദ്ധതികൾ വേണ്ടുംവിധം ഫലം കണ്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒന്നാം ക്ളാസിൽ ചേർന്ന കുട്ടികൾ 20 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ 4273 കുട്ടികൾ മാത്രമാണ് ഒന്നാം ക്ലാസിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ചേർന്നത്. 2234 കുട്ടികൾ ഗവൺമെന്റ് സ്‌കൂളുകളിലും 2039 പേർ എയ്ഡഡ് മേഖലയിലും ചേർന്നതായാണ് പ്രാഥമിക കണക്കുകൾ. അന്തിമ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
കൂടുതൽ കുട്ടികൾ ചേർന്നത് കലഞ്ഞൂർ ഗവ. എൽ.പി.എസിൽ : 75
കഴിഞ്ഞ വർഷത്തേക്കാൾ 8 കുട്ടികൾ കുറവ്.
സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ളാസ് ഡിവിഷൻ തികയാൻ കുട്ടികളില്ല
ആറാം പ്രവൃത്തിദിനം കണക്കെടുപ്പ് ഇന്ന്
പുതിയ അദ്ധ്യയന വർഷം ആരംഭിച്ചശേഷമുള്ള ആറാം പ്രവൃത്തിദിന കണക്കെടുപ്പ് ഇന്ന്. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കുകൾ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് നൽകാനാണ് നിർദേശം. സ്വന്തമായി യു.ഐ.ഡി ഉള്ളവരെ മാത്രമേ അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്താവൂവെന്നാണ് നിർദേശം. ഇത് കണക്കെടുപ്പിനെ സാരമായി ബാധിക്കും. അഞ്ചു വയസുള്ള കുട്ടികളിൽ നല്ലൊരു പങ്കിനും ഇപ്പോഴും യു.ഐ.ഡി സ്വന്തമാക്കാനായിട്ടില്ല. സാങ്കേതിക തകരാറുകളാണ് പ്രധാന പ്രശ്നം.
സ്മാർട്ട് ക്ലാസ് മുറികളൊരുക്കി സർക്കാർ സ്‌കൂളുകൾ
ജില്ലയിലെ 50 ശതമാനം സർക്കാർ പ്രൈമറി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ടെന്നാണ് കണക്ക്. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഫണ്ട് അനുവദിച്ചത്. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്‌കൂളുകളിലേക്കാണ് സ്മാർട്ട് ക്ലാസ് മുറികൾ ആദ്യം നൽകിയത്. ബ്ലാക്ക് ബോർഡുകൾ, ചോക്ക്, ഡസ്റ്റർ എന്നിവയടങ്ങിയ പഴയ ക്ലാസ് മുറികളോടു വിട പറഞ്ഞാണ് സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കിയത്. സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ് മുറികളിൽ സംവേദനാത്മക പാനൽ ബോർഡുകൾ സ്ഥാപിച്ച് ആധുനികവത്കരിച്ചു.
എയിഡഡ് സ്കൂളുകൾക്ക് അവഗണന
സർക്കാർ സ്‌കൂളുകൾ മുഖംമിനുക്കിയപ്പോൾ എയ്ഡഡ് സ്‌കൂളുകൾ മാനേജ്‌മെന്റുകൾ സ്വന്തം നിലയിൽ നന്നാക്കണമെന്നതാണ് സർക്കാർ നയം. എയ്ഡഡ് മേഖലയിൽ ആദായം, അനാദായം വേർതിരിവ് തുടരുകയാണ്. ഒരു ക്ലാസിൽ 15 കുട്ടികൾ എങ്കിലും ഇല്ലെങ്കിൽ അത്തരം സ്‌കൂളുകളെ അനാദായ പട്ടികയിൽ ഉൾപ്പെടുത്തും. അനാദായ സ്‌കൂളുകളിൽ അദ്ധ്യാപക തസ്തികകൾ അനുവദിക്കാറില്ല. താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിലും നിയന്ത്രണമുണ്ട്. ഏറെ വർഷങ്ങളായി എയഡഡ് സ്‌കൂളുകളിൽ നിയമനം മുടങ്ങിയതോടെ പ്രഥമാദ്ധ്യാപക തസ്തികയിലേക്ക് നിയമിക്കാനും ആളില്ലാത്ത സ്ഥിതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |