തിരുവല്ല : ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുറ്റൂർ, ഇരുവള്ളിപ്ര, തൈമറവുംകര എന്നിവിടങ്ങളിൽ റെയിൽവേ നിർമ്മിച്ച അടിപ്പാതകളിലെ വെള്ളക്കെട്ടിന് പരിഹാരമൊരുക്കാൻ വീണ്ടും പരീക്ഷണപ്പണി. ലെവൽ ക്രോസുകളിലെ വെള്ളക്കെട്ട് നാട്ടുകാർക്കും യാത്രക്കാർക്കും മാത്രമല്ല ഇപ്പോൾ റെയിൽവേയ്ക്കും തലവേദനയായ സാഹചര്യത്തിലാണ് പുതിയ പരീക്ഷണത്തിന് റെയിൽവേ മുതിരുന്നത്. പലവിധ പരീക്ഷണ, നിരീക്ഷണങ്ങൾ നടത്തിയിട്ടും മഴക്കാലത്ത് അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിഞ്ഞിരുന്നില്ല. ഇതുകാരണം വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ അടിപ്പാത അടച്ചിടേണ്ട ഗതികേടുമുണ്ടായി. ഇത് പൊതുഗതാഗതം തടസപ്പെടാൻ കാരണമായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലണ് റെയിൽവേ ഇപ്പോൾ. പുതിയ പരീക്ഷണപ്പണി നാളെ കുറ്റൂർ അടിപ്പാതയിൽ തുടങ്ങുമെന്നാണ് അറിയുന്നത്.
എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ പുതിയ പരീക്ഷണം കാട്ടുന്നതിനായി കോൺക്രീറ്റ് ബോക്സുകൾ നിർമ്മിച്ചുകൊണ്ടുവന്ന് റെയിൽപാതയുടെ അടിയിലേക്ക് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിക്കയറ്റുന്ന സംവിധാനമാണ് റെയിൽവേ ആദ്യം നടപ്പാക്കിയത്. കുറ്റൂർ അടിപ്പാതയിൽ ഈരീതി ചെയ്തപ്പോൾ ബോക്സുകൾ ഇരുത്തിപ്പോകുകയും ഇതിന് ആനുപാതികമായി പുതിയൊരു ബോക്സ് നിർമ്മിക്കേണ്ടിയും വന്നു. ഇതാണ് കുറ്റൂർ അടിപ്പാതയിൽ വെള്ളക്കെട്ടിന് കാരണമായത്. ഇരുവള്ളിപ്രയിലും തൈമറവുംകരയിലും തറനിരപ്പിനേക്കാൾ താഴ്ന്നു നിർമ്മിച്ചതോടെ വെള്ളക്കെട്ട് ഒഴിയാതായി. മണിമലയാറിന് സമീപത്താണ് ഈ അടിപ്പാതകളെല്ലാം. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നതോടെ അടിപ്പാതകളിലും വെള്ളംഉയരും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്ന് തവണയാണ് വെള്ളക്കെട്ട് കാരണം അടിപ്പാതകൾ അടച്ചിട്ടത്. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന കുറ്റൂർ - മനയ്ക്കച്ചിറ, തിരുമൂലപുരം - കറ്റോട് എന്നീ റോഡുകളിലെ ഈ അടിപ്പാതകളിലൂടെയുള്ള ഗതാഗതം താറുമാറായി. ഇതുകാരണം യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമാണ്.
പാളിപ്പോയ പരീക്ഷണങ്ങൾ
അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനായി അടിപ്പാതയുടെ സമീപന പാതകളിൽ അലൂമിനിയം റൂഫിംഗ്, ഓടകൾ, വൺസൈഡ് വാൽവുകൾ, റോഡിന് കുറുകെ ഇരുമ്പ് കവേർഡ് ഡ്രെയിനേജ്, വെള്ളം വറ്റിക്കാൻ മോട്ടോർ പമ്പ് സ്ഥാപിക്കൽ, അടിപ്പാതയിൽ വെള്ളം ഉയരുമ്പോൾ വാഹനങ്ങൾ തടയാൻ ഗേറ്റ് സ്ഥാപിക്കൽ, കാവൽക്കാരൻ തുടങ്ങി പലവിധ പരീക്ഷണങ്ങൾ നടത്തി. ഏറ്റവും ഒടുവിലായി മാസങ്ങൾക്ക് മുമ്പ് അടിപ്പാതയുടെ തറയുടെ കോൺക്രീറ്റുകൾ ഇളക്കി കമ്പികൾ നിരത്തി വാട്ടർപ്രൂഫ് കോൺക്രീറ്റ് ചെയ്യുകയും കാറുകൾക്ക് ഉൾപ്പെടെ പോകാനായി അടിപ്പാതയുടെ വശത്തുള്ള ഫുട്പാത്തിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ഈ പരീക്ഷണങ്ങൾ ഒന്നും വിജയം കണ്ടില്ല. ഗതാഗത തിരക്കേറിയ ഈ റോഡുകളിൽ ചെറിയ വെള്ളപ്പൊക്കം പോലും ഇതുവഴിയുള്ള യാത്രയെ ഗുരുതരമായി ബാധിക്കാൻ തുടങ്ങിയതോടെ റെയിൽവേ ഉന്നതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണം നടത്താൻ പോകുന്നത്.
കോൺക്രീറ്റ് കിണറുകൾ ?
കോൺക്രീറ്റ് കിണർ എന്ന പുതിയ ആശയമാണ് റെയിൽവേ ഇനി പരീക്ഷിക്കുന്നത്. അടിപ്പാതയിലെ വെള്ളം കോൺക്രീറ്റ് കിണർ നിർമ്മിച്ച് അതിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യാനാണ് നീക്കം. ഓരോ അടിപ്പാതയിലും ഒന്നിൽ കൂടുതൽ കിണറുകൾ നിർമ്മിക്കേണ്ടിവരും. കോൺക്രീറ്റ് കിണറിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാനും സംവിധാനം ഒരുക്കും. പുതിയ സംവിധാനം വിജയമായാൽ മറ്റ് രണ്ടിടത്തും കോൺക്രീറ്റ് കിണറുകൾ നിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |