പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി. ഇന്നലെ അനസ്തേഷ്യ യന്ത്രം, സർജിക്കൽ ടേബിളുകൾ, സർജറി ഉപകരണങ്ങൾ തുടങ്ങിയവ കോന്നി മെഡിക്കൽ കേളേജിലേക്ക് മാറ്റി. പായ്ക്ക് ചെയ്ത് ഉപകരണങ്ങൾ കോന്നിയിൽ എത്തിക്കുന്നതിന് 4.5 ലക്ഷം രൂപയാണ് ചെലവ്. കോന്നിയിൽ രണ്ട് ഒാപ്പറേഷൻ തീയറ്ററുകളാണ് സജ്ജീകരിക്കുന്നത്. അണുനശീകരണത്തിനായി രണ്ടാഴ്ച തീയറ്ററുകൾ അടിച്ചടും. ആഗസ്റ്റ് രണ്ടാം ആഴ്ചയോടെ കോന്നിയിൽ ശസ്ത്രക്രിയകൾ ആരംഭിച്ചേക്കും. ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി, ഇ.എൻ.ടി എന്നിവയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ മൈനർ ഒാപ്പറേഷൻ തീയറ്റർ നിലനിറുത്തിയിട്ടുണ്ട്.
ബി ആൻഡ് സി ബ്ളോക്ക് ബലപ്പെടുത്തിയ ശേഷം കോന്നിയിൽ നിന്ന് ശസ്ത്രക്രിയ ഉപകരണങ്ങൾ പത്തനംതിട്ടയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് തീരുമാനം.
ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ളോക്ക് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പണികൾ ഇന്നലെ ആരംഭിച്ചു. ഇന്നലെ ശസ്ത്രക്രിയ ഉപകരണങ്ങൾ മാറ്റിയ ശേഷം കെട്ടിടം നിർമ്മാണ കമ്പനിക്ക് കൈമാറി. ബി ആൻഡ് സി ബ്ളോക്കിലെ 30 കോൺക്രീറ്റ് തൂണുകൾ പൊളിച്ചു പണിയും. ഓരോന്നും ഇടവേളയിട്ടാണ് പൊളിച്ചുപണിയുന്നത്. നിലവിലുള്ളതിനേക്കാൾകൂടുതൽ വ്യാപ്തിയിലാകും പുതിയ തൂണുകൾ നിർമ്മിക്കുന്നത്. ഒരേ സമയം മൂന്ന് തലത്തിലുള്ള നവീകരണമാണ് നടത്തുന്നത്. തൂണുകൾ ബലപ്പെടുത്തുന്നതിനൊപ്പം ടോയ്ലെറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തും. മുകളിൽ മഴവെള്ളം വീഴാതിരിക്കാൻ റൂഫ് നിർമ്മിക്കുകയും ചെയ്യും.
ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും
ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
പതിനേഴ് വർഷം മാത്രം പഴക്കമുള്ളതാണ് ബി ആൻ സി ബ്ളോക്ക്. കൊവിഡ് കാലത്ത് അമിത അളവിൽ ക്ളോറിൻ കലർത്തിയ വെള്ളം ഉപയോഗിച്ച് ഒരു ദിവസം ഒന്നിലേറെ തവണ ശുചീകരണം നടത്തിയതാണ് കെട്ടിടത്തിൽ ചോർച്ചയും ബലക്ഷയവും ഉണ്ടാകാൻ കാരണമെന്ന് പഠന റിപ്പോർട്ടുകളിൽ പറയുന്നു.
# നവീകരണത്തിന് 5 കോടി
സർജറി വിഭാഗങ്ങളുടെ മാറ്റം ഇന്നുകൊണ്ടു പൂർത്തിയാകും. ബി ആൻഡ് സി ബ്ളോക്ക് ബലപ്പെടുത്താനുള്ള പണികൾ ആരംഭിച്ചു.
ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |