കോന്നി : ആനകൾക്കൊപ്പം അടയാളപ്പെടുത്തുന്ന കോന്നിക്ക് പറയാനാെരു ഖദയുണ്ട്. അതും ഒന്നര നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഖദ. ഖദയെന്നാൽ കാട്ടാനകളെ പിടികൂടുന്ന പ്രത്യേക രീതിയാണ്. വാരിക്കുഴി നിർമ്മിച്ചു പിടികൂടുന്നതിന് മുൻപ് ഖദ സമ്പ്രദായത്തിലൂടെയായിരുന്നു കോന്നി വനമേഖലയിൽ കാട്ടാനകളെ പിടികൂടിയിരുന്നത്. മൈസൂരിൽ നിലനിന്നിരുന്ന ഈ ആനപിടുത്ത സമ്പ്രദായം തിരുവിതാംകൂറിൽ ആദ്യം നടപ്പിലാക്കിയത് കോന്നിയിൽ കല്ലാറിന്റെ തീരങ്ങളിലായിരുന്നു. കല്ലാറിന്റെ കരയിൽ വലിയ തടികൾ ഉപയോഗിച്ച് വേലിക്കെട്ട് നിർമ്മിച്ച് ഇതിലേക്ക് കാട്ടാനകളെ ഓടിച്ചു കയറ്റിയ ശേഷം താപ്പാനകളെ ഉപയോഗിച്ച് പിടിച്ചു കെട്ടുന്നതായിരുന്നു രീതി. ഒരേസമയം നിരവധി കാട്ടാനകളെ പരുക്കുകൾ ഒന്നുമില്ലാതെ പിടികൂടാൻ കഴിയുന്നത് ഇതിന്റെ പ്രത്യേകതയായിരുന്നു. കൊല്ലവർഷം 1049 ൽ തിരുവിതാംകൂറിൽ വനം വകുപ്പ് ഇത്തരത്തിൽ ആനകളെ പിടികൂടാൻ തീരുമാനം എടുത്തിരുന്നു. 1052 ൽ കല്ലാറിന്റെ തീരത്ത് ഖദ ഒരുക്കിയിരുന്നു. തുടക്കത്തിൽ ഇതിന്റെ പ്രവർത്തനം വിജയിച്ചെങ്കിലും പിന്നീട് കാട്ടാനകൾ വേലിക്കുള്ളിലേക്ക് ഓടി കയറാൻ മടിച്ചു. ഇതോടെ വനംവകുപ്പ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കല്ലാറിന്റെ തീരത്ത് ആനക്കൂട്
ഖദ സമ്പ്രദായത്തിലൂടെ പിടികൂടുന്ന കാട്ടാനകളെ പരിശീലിപ്പിക്കാൻ കല്ലാറിന്റെ തീരത്ത് ആനക്കൂട് അക്കാലത്ത് ഉണ്ടായിരുന്നു. ഇപ്പോഴത്തെ അടവി കുട്ടവഞ്ചി സവാരികേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലം അന്ന് ആനക്കൂടായിരുന്നു. ആനകളെ മാത്രമല്ല മറ്റു വന്യജീവികളെയും പിടികൂടാൻ ഖദ സമ്പ്രദായം ഉപയോഗിച്ചിരുന്നു. അതിനുശേഷമാണ് വാരിക്കുഴികൾ കുഴിച്ച് കാട്ടാനകളെ പിടികൂടുന്ന സമ്പ്രദായം വനംവകുപ്പ് ആരംഭിച്ചത്. കല്ലാറിന്റെയും അച്ചൻകോവിലാറിന്റെയും തീരത്തെ ആനത്താരകളിൽ 12 അടി സമചതുരത്തിലായിരുന്നു വാരിക്കുഴികൾ നിർമ്മിച്ചിരുന്നത്. നടുവത്തുമൂഴി, മുണ്ടോമൂഴി, മണ്ണാറപ്പാറ, കരിപ്പാൻതോട്, തേക്കുത്തോട്, കോപ്രംമല എന്നിവിടങ്ങളിലായിരുന്നു വാരിക്കുഴികൾ നിർമ്മിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |