നിലയ്ക്കൽ : ചെയ്ത പണികളുടെ പണം കരാറുകാരന് ലഭിക്കാത്തതിനെ തുടർന്ന് നിലയ്ക്കലിൽ സ്ഥിരം ക്വാർട്ടേഴ്സ് നിർമ്മാണം മുടങ്ങി. പൊലീസിനും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും താമസിക്കാനായി നിലയ്ക്കൽ ഹെലിപ്പാഡിന് സമീപമാണ് മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തി ക്വർട്ടേഴ്സ് നിർമാണം 2017ൽ ആരംഭിച്ചത്. കെട്ടിടം പണികൾ എൺപത് ശതമാനവും പിന്നിട്ടപ്പോൾ സർക്കാരിൽ നിന്ന് പണം ലഭിക്കാതെയായി. ഇതുവരെ 4.25കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് കരാറുകാർ പറയുന്നു. ഏഴ് കെട്ടിടങ്ങളാണ് ക്വാർട്ടേഴ്സിനായി നിർമ്മിച്ചത്. അഞ്ച് കെട്ടിടങ്ങൾ നിർമാണം പൂർത്തിയാകാറായ ഘട്ടമായപ്പോൾ ഉദ്ഘാടനം നടത്തി തീർത്ഥാടന കാലത്ത് പൊലീസുകാർക്ക് തുറന്നുകൊടുത്തു. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാതെ ഇനി നിർമാണവുമായി മുന്നോട്ടു പോകാനാവില്ലെന്ന് കരാറുകാരൻ പറയുന്നു. ഇലക്ട്രിക്, പ്ളംബിംഗ്, ടൈൽ വർക്കുകൾ ബാക്കിയുണ്ട്. ജലവിതരണത്തിന് വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിട്ടില്ല.
നിർമാണം പൂർത്തിയാകാത്തതിനാൽ ക്വാർട്ടേഴ്സ് കെട്ടിടം കാടുകയറി. കാട്ടുപന്നികളും നായകളും തമ്പടിക്കുകയാണ്. ജനാലകളുടെ ഗ്ളാസുകൾ തകർന്നിട്ടുണ്ട്. ടൈലുകൾ ഇളകി മാറി. സർക്കാരും കരാറുകാരും ഉപേക്ഷിച്ച മട്ടിലാണ് കെട്ടിടം. പണം കിട്ടുന്ന മുറയ്ക്ക് പണി പൂർത്തിയാക്കാനാണ് നീക്കം.
തീർത്ഥാടന കാലത്ത് താൽക്കാലിക ക്വാർട്ടേഴ്സിലാണ് പൊലീസുകാരും ജീവനക്കാരും താമസിക്കുന്നത്. അത് കാലപ്പഴക്കത്താൽ നശിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സുകളുടെ പുതിയ കെട്ടിടം പൂർത്തിയായില്ലെങ്കിൽ അടുത്ത തീർത്ഥാടന കാലത്ത് താമസസൗകര്യം ലഭിക്കില്ല.
12 കോടിയുടെ പദ്ധതി
എട്ട് കെട്ടിടങ്ങൾ
ഹാളുകൾ, ടോയ്ലറ്റുകൾ, മെസ്, ഓഫീസേഴ്സ് റൂമുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |