പന്തളം: പന്തളം ബൈപ്പാസിനുവേണ്ടിയുള്ള ഫൈനൽ സർവേ നടപടികൾ ഇന്നലെ ആരംഭിച്ചു. വസ്തു ഉടമകൾക്ക് നോട്ടീസ് നൽകി ത്തുടങ്ങി.അടിയന്തരമായി പൂർത്തിയാക്കാൻ കഴിഞ്ഞ മാസം പത്തനംതിട്ട ജില്ലാകളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ മാസം തന്നെ സർവേ നടത്തി നടപടി പൂർത്തികരിക്കാനാണ് തീരുമാനം. രണ്ട് സർവെയർമാർ ഉൾ പ്പെടെ അഞ്ച് ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സർവേ ഉദ്യോഗസ്ഥരും കെആർഎഫ്ബി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സർവേ പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്. റോഡുപണിക്ക് ഭൂമി ഏറ്റെടുക്കേണ്ടതിനുള്ള നടപടികൾക്കായി തിരുവല്ലയിൽ പ്രവർത്തിക്കുന്ന പ്രത്യേക ഓഫീസ് നോട്ടിഫിക്കേഷൻ നൽകിയിരുന്നു.
ഇപ്പോൾ ഫൈനൽസർവേ നടപടികളാണ്‌നടക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർ, അജികുമാർ റവന്യൂ ഇൻസ്‌പെക്ടർ മനോജ്, സർവേയർമാരായ ധന്യ ,ല താകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സർവേയും മറ്റു നടപടികളും ആരംഭിച്ചിട്ടുള്ളത്
നേരത്തെ കുറച്ചുഭാഗം സർവേ നടത്തിയെങ്കിലും ബൈപ്പാസ് കടന്നുപോകുന്ന ഭാഗം അധികവും വെള്ളക്കെട്ടുള്ള സ്ഥലമായതിനാലും കാടുമൂടിയ സ്ഥലമായതിനാലും ഈ ഭാഗത്ത് സർവേ നടത്താൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഇതിനാൽ പ്രവൃത്തികൾ താമസിച്ചാണ് നീങ്ങിയത്.
പത്ത് വർഷം മുമ്പ് തുടങ്ങിയ പന്തളം ബൈപ്പാസിന്റെ നടപടികളാണ് ഇഴഞ്ഞുനീങ്ങുന്നത്. ഭൂമി കണ്ടെത്തി കല്ലിട്ട് തിരിച്ചതല്ലാതെ പിന്നീടുള്ള നടപടികളെല്ലാം മന്ദഗതിയിലായി. ബൈപ്പാസ് കടന്നുപോകുന്ന സ്ഥലത്തെ താമസക്കാർ സ്ഥലം ഏറ്റെടുക്കുമോയെന്ന ആശങ്കയിലാണ്. ഉള്ള സ്ഥലത്ത് വീടുവയ്ക്കാനായി കാത്തിരിക്കുന്നവർക്കും ബൈപ്പാസ് വരുമോയെന്നറിയാനും പുരോഗതി മനസിലാക്കാനും താത്പര്യമുള്ളവരാണ്.
പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗം നടത്തിയ ഗതാഗത സർവേ പൂർത്തിയായിരുന്നു. ഒരു മണിക്കൂറിൽ ഏതൊക്കെ തരം വാഹനങ്ങൾ, എത്രയെണ്ണം റോഡിലൂടെ കടന്നുപോകുന്നുെന്ന കണക്കാണ് തയ്യാറാക്കിയത്. കേരളാ റോഡ് ഫണ്ട് ബോർഡ്(കെ.ആർ.എഫ്.ബി.)യാണ് കിഫ്ബി ഏറ്റെടുത്ത പണിയുടെ ഇപ്പോഴത്തെ ചുമതല വഹിക്കുന്നത്. ഗതാഗത സർവേ പൂർത്തിയായശേഷം വിശദമായ പദ്ധതി ഗവൺമെന്റിന് സമർപ്പിച്ചിരുന്നു. ബൈപാസ് കടന്നുപോകുന്ന മുട്ടാർ ഭാഗം ചതുപ്പും നീർച്ചാലും വയലും നിറഞ്ഞതും വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശവുമായതിനാൽ ഡിജിറ്റൽ റീസർവേ നടത്തി വെള്ളപ്പൊക്ക സാദ്ധ്യതയുള്ള 600 മീറ്റർ പ്രദേശത്ത് മേൽപ്പാലത്തിന്റെ സാദ്ധ്യതകൾ പരിശോധിച്ചു. കെഐപി കനാലിന്റെ പാലം കടന്നുപോകുന്ന സ്ഥലവും പരിശോധിച്ചു.
നോട്ടീസ് നൽകി പൂർത്തിയായക്കിയതിനു സ്ഥലമെടുപ്പ്‌നടപടികളാരംഭിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |