കോഴഞ്ചേരി : സാനിറ്ററിവെയർ കടയിൽ മോഷണം. രണ്ടു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി. നമ്പൻകുറ്റിയിൽ ജേക്കബ് തോമസിന്റെ (ബോബി) തെക്കേമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോംടെക് ട്രേഡേഴ്‌സ് എന്ന സ്‌ഥാപനത്തിൽ നിന്നാണ് സാനിറ്ററി വെയർ ഉൽപന്നങ്ങളും അതിന്റെ ഫിറ്റിംഗ്സുകളും കട കുത്തിത്തുറന്ന് എടുത്തുകൊണ്ടുപോയത്. ശനിയാഴ്‌ച രാത്രിയിലാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ജേക്കബ് തോമസിന്റെ പിതാവിന്റെ മരണത്തെ തുടർന്ന് മൂന്നു ദിവസമായി തുറക്കാതിരുന്ന സ്‌ഥാപനം വെള്ളിയാഴ്‌ച രാവില 11 മണിയോടെയാണ് തുറന്നത്. ഇതിന് ശേഷം അൽപം കഴിഞ്ഞ് അടച്ചു. തിങ്കളാഴ്‌ച സ്‌ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് പിൻഭാഗത്തെ ഷട്ടറിന്റെ ലോക്ക് തകർത്ത നിലയിൽകണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കവർ പൊളിച്ച് ഉൽപന്നങ്ങൾ മാത്രമായി മോഷ്‌ടിച്ചത് കാണുന്നത്. പൊലീസ് നായ മണം പിടിച്ച് പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിൽ എത്തിനിന്നു. സാധനങ്ങൾ ഇവിടെ എത്തിച്ച് വാഹനത്തിൽ കയറ്റിപ്പോയതായാണെന്ന് സംശയിക്കുന്നു. കടയിലെ ക്യാമറ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ സമീപത്തെ മറ്റു സ്‌ഥാപനങ്ങളിലെ ക്യാമറകൾ പരിശോധിക്കുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |