പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡായ ചലോ കാർഡിനായി കാത്തിരിക്കുകയാണ് യാത്രക്കാർ. ജില്ലയിൽ ആദ്യമെത്തിയ ചലോ കാർഡുകൾ ആ ആഴ്ചയിൽത്തന്നെ വിറ്റഴിഞ്ഞു. ബാക്കി കാർഡുകൾ ഡിപ്പോയിലെത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നോ കണ്ടക്ടർമാരുടെ പക്കൽ നിന്നോ ആണ് കാർഡുകൾ വാങ്ങാൻ കഴിയുക. ജൂണിലാണ് ട്രാവൽ കാർഡ് ജില്ലയിലെത്തുന്നത്. ശേഷം രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പുതിയ കാർഡ് എത്തിയിട്ടില്ല. ഒരുവർഷമാണ് കാർഡിന്റെ കാലാവധി. നൂറ് രൂപയാണ് വില. അൻപത് രൂപ മുതൽ 3000 രൂപ വരെ റീ ചാർജ് ചെയ്യാം. കണ്ടക്ടറുടെ സ്വൈപ്പിംഗ് മെഷീൻ ഉപയോഗിച്ചാണ് പ്രവർത്തനം. സ്ഥിരം യാത്രികരാണ് കാർഡിന്റെ ആവശ്യക്കാർ. കുറച്ച് ആളുകൾക്ക് മാത്രമാണ് നിലവിൽ കാർഡ് ലഭിച്ചിട്ടുള്ളത്. ടിക്കറ്റ് മെഷീനിൽ കാർഡിന്റെ ബാക്കിത്തുക അറിയാനും സാധിക്കും. കാർഡിന്റെ പ്രവർത്തനം നിലച്ചാൽ ഡിപ്പോയിലെത്തിയാൽ പുതിയ കാർഡ് ലഭിക്കും. കേടുപാടുകൾ സംഭവിച്ചാൽ മാറ്റിനൽകില്ല. പുതിയവ വാങ്ങേണ്ടിവരും.
ലഭിച്ചത് 9000 കാർഡുകൾ
ജില്ലയിൽ ആകെ ലഭിച്ചത് 9000 കാർഡുകളാണ്. ഇതിൽ 2099 കാർഡ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മാത്രം വിറ്റുപോയി. റാന്നിയിലും രണ്ടായിരത്തിലധികം കാർഡുകൾ വിറ്റുപോയി. മറ്റ് ഡിപ്പോകളിൽ ആയിരത്തോളം കാർഡുകൾ വിറ്റഴിഞ്ഞു.
ഡിജിറ്റൽ പേയ്മെന്റും
ചലോ കാർഡിനൊപ്പം ജി പേ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റും കെ.എസ്.ആർ.ടി.സിയിൽ ലഭ്യമാണ്. നിരവധി പേർ ജി പേ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. പോകാനുള്ള സ്ഥലത്തേക്കുള്ള ബസ് ചാർജ് സ്വൈപ്പിംഗ് മെഷീനിൽ ക്യൂ ആർ കോഡ് വച്ച് സ്കാൻ ചെയ്യാൻ സാധിക്കും.
ജി പേ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ചലോ കാർഡ് ലഭ്യമായിട്ടില്ല. റേഞ്ചിന്റെ പ്രശ്നം വരുന്നുണ്ടെന്നത് മാത്രമാണ് ഡിജിറ്റൽ പേയ്മെന്റിന്റെ പ്രശ്നം. ചില്ലറയില്ലെന്ന തർക്കം പരിഹരിക്കാം.
അലീന അജി
(വിദ്യാർത്ഥിനി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |