പന്തളം:പന്തളത്ത് ഒരു വീട്ടിൽ മോഷണവും അഞ്ച് വീടുകളിൽ മോഷണശ്രമവും. ഇന്നലെ പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് സംഭവം. കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്രത്തിനു സമീപം ഗൗരീശത്തിൽ ദിനേശിന്റെ വീട്ടിലെ അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഉറങ്ങുകയായിരുന്ന ദിനേശിന്റെ ഭാര്യ രജിതയുടെ കഴുത്തിൽ കിടന്നരണ്ടര പവന്റെ സ്വർണ മാലയും കാലിലെ ഒരു പവന്റെ കൊലുസും മോഷ്ടിച്ചു. കൊലുസ് പറിച്ചപ്പോൾ ഇവർ ഉണർന്നു. അപ്പോഴേക്കും മോഷ്ടാവ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. സമീപമുള്ള കരൂർ വീട്ടിൽ വിനോദ് കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്തെ കതക് പൊളിച്ച് അകത്തുകടക്കാൻ ശ്രമം നടത്തി, കോടിയാട്ട് ഗോപിനാഥക്കുറുപ്പ്, ശ്രീരാഗത്തിൽ ശ്രീകുമാർ എന്നിവരുടെ വീടിന്റെയും കതക് പൊളിച്ച് വീടിനുള്ളിൽ കടക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. പെരുമ്പുളിക്കൽ മൈനാപ്പള്ളിൽക്ഷേത്രത്തിന് സമീപം ഭഗവതി വടക്കേതിൽ (നന്മ) പ്രസന്നയുടെ വീടിന്റെ മുൻഭാഗത്തെ കതക് പൊളിച്ച് അകത്തുകടന്ന് അലമാരകളും മറ്റും തുറന്നു പരിശോധിച്ചങ്കിലും ആഭരണങ്ങളോ പണമോ ഉണ്ടായിരുന്നില്ല . ഈ വീട്ടിൽ ആരും ഇല്ലായിരുന്നു. പ്രസന്ന ഭർത്താവിനോടൊപ്പം പൂനെയിലാണ് . .രാവിലെ സമീപത്തുള്ള ബന്ധു വന്നപ്പോഴാണ് കതകുകൾ പൊളിച്ചനിലയിൽ കണ്ടത്. . ഈ വിടിന്‌സമീപമുള്ള മുകളയത്ത് മധുവിന്റെ വീട്ടിലും അടുക്കള വാതിൽ തുറന്ന് അകത്തു കയറാൻ ശ്രമം നടത്തി . മധു ഉണർന്നതോടെ മോഷ്ടാക്കൾ അവിടെ നിന്ന് രക്ഷപ്പെട്ടു .പന്തളം പൊലീസ് കേസെടുത്തു,ഡോഗ്‌സ്‌കോഡും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |