@ പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ
@ അയൽവാസിയായ യുവതിയുമായി തെളിവെടുപ്പ് നടത്തി
മല്ലപ്പള്ളി : അയൽവാസിയായ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്നശേഷം യുവതി വീടിന് തീയിട്ടത് കട ബാദ്ധ്യതയെ തുടർന്ന്. മല്ലപ്പള്ളി പഞ്ചായത്ത് 11ാം വാർഡിലെ പുളിമലവീട്ടിൽ ലതാകുമാരിയാണ് (61) ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ലതാകുമാരിയുടെ വീടിനു സമീപമുള്ള പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ലതാകുമാരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ സുമയ്യയെ ലതയുടെ വീട്ടിലെത്തിച്ച് പൊലിസ് തെളിവടുപ്പ് നടത്തി.
മോഷ്ടിച്ച സ്വർണം സുമയ്യയുടെ വിട്ടീലെ ടൊയ്ലറ്റിലെ ഫ്‌ളഷ് ടാങ്കിൽ നിന്ന് കണ്ടെടുത്തിരുന്നു. വൻ കടബാദ്ധ്യതമൂലം പ്രതിസന്ധിയിലായ സുമയ്യ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അയൽവാസികളാണ്. വ്യാഴാഴ്ച വൈകിട്ട് ലതാകുമാരിയുടെ വീട്ടിലെത്തിയ സുമയ്യ ഇവരെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് അവശയാക്കി കെട്ടിയിട്ടു. തുടർന്ന രണ്ടര പവന്റെ ഒരു മാലയും മൂന്ന് പവന്റെ മൂന്ന് വളകളും തട്ടിയെടുത്തു. . വീടിന് തീയിട്ടശേഷം മടങ്ങി. ഇൗ സമയം വീട്ടിലോ സമീപത്തോ ആരുമില്ലായിരുന്നു. പൊലീസ് സ്റ്റേഷന് പിന്നിലാണ് ഇവരുടെ വീട്. തീപിടിച്ച ലതാകുമാരി സ്റ്റേഷനിലേക്ക് ഒാടിയെത്തിയപ്പോഴാണ് പൊലീസുകാർ സംഭവം അറിയുന്നത്.
ഉടൻ തന്നെ ഇവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.ലതാകുമാരി ആശാപ്രവർത്തകയാണ്. സുമയ്യയാണ് ആക്രമിച്ചതെന്ന് ഇവർ മൊഴിനൽകി.
കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സുമയ്യയുടെ ഭർത്താവ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ കീഴ് വായ്പ്പൂര് പൊലീസ് ഹൗസ് ഓഫിസർ വിപിൻ ഗോപിനാഥ് , എസ് ഐ മാരായ എസ് ആദർശ് , രാജേഷ് എ എസ് ഐ പി എച്ച് അസിം എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം .
പ്രതിഷേധവുമായി ആശാപ്രവർത്തകർ
സുമയ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നിരവധി ആശാപ്രവർത്തകർ പ്രതിഷേധവുമായി തടിച്ചൂകൂടി. തെളിവെടുപ്പ് കഴിഞ്ഞിട്ടും മടങ്ങാൻ ഇവർ തയ്യാറായില്ല. തിരുവല്ല, കോയിപ്രം , പെരുമ്പെട്ടി സ്റ്റേഷനുകളിലെ പൊലീസുകാരും ക്യാമ്പിൽ നിന്നുള്ള പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു . ഒടുവിൽ ഇവരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |