
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി രണ്ടുനാൾ., ജില്ലയിൽ പോളിംഗ് കുറഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയർന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ്. അവസാന കണക്കുപ്രകാരം 66.81 ശതമാനമാണ് ജില്ലയിലെ വോട്ടിംഗ് ശതമാനം. 2015 മുതൽ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞുവരികയാണ്. 2015ൽ 72.89 ശതമാനം. 2020ൽ 69.72 ശതമാനം. കുറവ് 3.17 ശതമാനം. ഇൗ തിരഞ്ഞെടുപ്പിൽ 2020നേക്കാൾ 2.91ശതമാനം കുറവ്. അതേസമയം, കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 3.48 ശതമാനം പോളിംഗ് വർദ്ധിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 63.33 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ മൂന്ന് മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
വോട്ടർമാരിൽ പലരും സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞതെന്ന് എൽ.ഡി.എഫ് വിശദീകരിക്കുന്നു. സംസ്ഥാന സർക്കാരിനോടും ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഭരിച്ച എൽ.ഡി.എഫിനോടുമുള്ള അമർഷമാണ് പോളിംഗ് കുറയാൻ കാരണമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. വോട്ടു ചെയ്യാതിരുന്നത് എൽ.ഡി.എഫിന്റേതാണെന്നും തങ്ങൾക്കു കിട്ടേണ്ട വോട്ടുകളിൽ കുറവുണ്ടാകില്ലെന്നും എൻ.ഡി.എ വൃത്തങ്ങൾ പറയുന്നു.
ജില്ലയിലെ പോളിംഗ് ശതമാനം
2015 : 72.89 %.
2020 : 69.72 %,
2025 : 66.81 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |