SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.10 AM IST

എൽ.ഡി.എഫ് കോട്ട തകർത്ത് യു.ഡി.എഫ്

Increase Font Size Decrease Font Size Print Page
udf

പത്തനംതിട്ട : ജില്ലയിൽ വൻ തിരിച്ചുവരവ് നടത്തി യു.ഡി.എഫ്. മുൻപെങ്ങും കാണാത്ത ഐക്യത്തോടും ചിട്ടയോടും തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ സംഘടനാ ശക്തിയുടെ വിജയം കൂടിയാണ് ജില്ലയിൽ കണ്ടത്. ജില്ലാ പഞ്ചായത്തിൽ പതിനേഴിൽ പന്ത്രണ്ട് സീറ്റും നേടി അധികാരത്തിലെത്തി. കഴിഞ്ഞ തവണ പതിനാറിൽ പതിനൊന്നു സീറ്റുകളും നേടിയ എൽ.ഡി.എഫ് കനത്ത തിരിച്ചടി വാങ്ങിയാണ് ഭരണത്തിൽ നിന്നിറങ്ങുന്നത്.

ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നിലും യു.ഡി.എഫ് അധികാരം പിടിച്ചു. തിരുവല്ല നഗരസഭ മാത്രം ഭരിച്ചിരുന്ന യു.ഡി.എഫ് പത്തനംതിട്ട, അടൂർ നഗരസഭകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന പന്തളത്ത് വലിയ കുതിപ്പോടെ രണ്ടാമതെത്തി.

ജില്ലയിൽ എട്ട് ബ്ളോക്ക് പഞ്ചായത്തുകളിൽ ഏഴിലും യു.ഡി.എഫ് ഭരണം പിടിച്ചു. 53 ഗ്രാമ പഞ്ചായത്തുകളിൽ 34ൽ ലും അധികാരം പിടിച്ചു.

സ്വർണക്കൊള്ള കേസിന്റെ പ്രഭവ കേന്ദ്രമായ പത്തനംതിട്ടയിൽ വിഷയത്തിലെ ജനവികാരം വോട്ടാക്കി മാറ്റാൻ യു.ഡി.എഫ് നടത്തിയ പ്രചാരണങ്ങളും ലക്ഷ്യം കണ്ടു. കേസിൽ സി.പി.എം ജില്ലാ കമ്മി​റ്റിയംഗമായ എ.പത്മകുമാർ അറസ്റ്റിലായതും യു.ഡി.എഫ് പ്രചരണ ആയുധമാക്കി.

ശ്രീനാദേവിക്ക് തിളങ്ങുന്ന വിജയം

യു.ഡി.എഫിന്റെ ഏറ്റവും തിളക്കമാർന്ന നേട്ടം ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലാണ്. സി.പി.ഐ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പാർട്ടിവിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വാശിയേറിയ മത്സരത്തിൽ സി.പി.ഐയിലെ തന്നെ ശ്രീലതാ രമേശിനെ വീഴ്ത്തി. 196 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശ്രീനാദേവിയുടെ വിജയം.

താമര കൊഴിഞ്ഞ് പന്തളം

പാലക്കാട് കഴിഞ്ഞാൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്ന രണ്ടാമത്തെ നഗരസഭയായ പന്തളത്ത് ഇക്കുറി എൻ.ഡി.എയ്ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞതവണ 18 സീറ്റുമായി അധികാരത്തിൽ എത്തിയ എൻ.ഡി.എ ഇത്തവണ ഒൻപത് സീറ്റിലേക്ക് ചുരുങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജില്ലാപഞ്ചായത്ത് (17 സീറ്റ്):

യു.ഡി.എഫ് 12: പുളിക്കീഴ്, കോയപ്രം, മല്ലപ്പള്ളി, ആനിക്കാട്, അങ്ങാടി, റാന്നി, മലയാലപ്പുഴ, കോന്നി, പ്രമാടം, പള്ളിക്കൽ, ഇലന്തൂർ, കോഴഞ്ചേരി.

എൽ.ഡി.എഫ് 5 : ചിറ്റാർ, കൊടുമൺ, കലഞ്ഞൂർ, ഏനാത്ത്, കുളനട.

 നഗരസഭ (4)

യു.ഡി.എഫ് 3 : പത്തനംതിട്ട, അടൂർ, തിരുവല്ല.

എൽ.ഡി.എഫ് : പന്തളം ( ഏറ്റവും വലിയ കക്ഷി)

ബ്ളോക്ക് പഞ്ചായത്ത് (8 എണ്ണം):

യു.ഡി.എഫ് 7 : ഇലന്തൂർ, കോയിപ്രം, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി.

സമനില : കോന്നി

ഗ്രാമപഞ്ചായത്ത് (53):

യു.ഡി.എഫ് - 34, എൽ.ഡി.എഫ് - 11, എൻ.ഡി.എ - 4, തൂക്കുഭരണം - 4.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.