
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ടോയ് ലെറ്റ് ബ്ളോക്ക് അടച്ചുപൂട്ടിത്തന്നെ. ഇതോടെ ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി. 9 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ടോയ് ലെറ്റ് ബ്ലോക്ക് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല .
2025 ജൂണിലാണ് ബ്ളോക്കിന്റെ പണി പൂർത്തീകരിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ടോയ്ലറ്രുകളുണ്ട്. കാടുകയറിക്കിടക്കുയാണ് പരിസരം. ആക്രി സാധനങ്ങളും ഇതിനുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്.
ദിവസേന നൂറിലധികം രോഗികളാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. രണ്ട് ഡോക്ടർമാരുടെ സേവനത്തിനു പറമെ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഉള്ളതിനാൽ ധാരാളം അമ്മമാരും കുട്ടികളുമെത്തും. പക്ഷേ ആരോഗ്യകേന്ദ്രത്തിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്ക് സമീപത്തുള്ള വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് .
ഒ പി ചീട്ട് വിതരണം മുതൽ മരുന്നുനൽകൽ വരെ ഡിജിറ്റൽ സംവിധാനമാക്കിയതോടെ ദൂരദേശങ്ങളിൽ നിന്നുള്ളവരും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യമായ ടോയ്ലറ്റ് ഉപയോഗിക്കാനാകാത്തത് പൊതുജനാരോഗ്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു. പണി പൂർത്തീകരിച്ചിട്ടും മാസങ്ങളോളം അടച്ചിട്ട നിലയിൽ തുടരുന്ന ടോയ്ലറ്റ് ബ്ലോക്ക് അടിയന്തരമായി തുറന്ന് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. രണ്ട് ടോയ്ലറ്റുകൾ നിർമ്മിച്ചതിന് 9 ലക്ഷം രൂപ ചെലവായതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
പണി കഴിഞ്ഞ് തുറന്നില്ല
പണി തീർന്ന് ആറുമാസം കഴിഞ്ഞിട്ടും ടോയ്ലെറ്ര് തുറന്നുനൽകിയില്ല. ഇതിനുള്ളിലെ അക്രിസാധനങ്ങൾ നീക്കാനും നടപടിയില്ല. ഇത് സംബന്ധിച്ച ആലോചന പോലും അധികൃതർ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രത്തിലെ അനാസ്ഥ അംഗീകരിക്കാനാകില്ല. കോടികൾ ചെലവഴിച്ച് പദ്ധതികൾ നടപ്പാക്കുമ്പോൾ അവ ജനങ്ങൾക്ക് ഉപകാരപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അധികൃതർക്കുണ്ട്.
കെ.ജി. അനിൽകുമാർ, നാട്ടുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |