
പത്തനംതിട്ട : അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും കൊടുമൺ റൈസ് മില്ലിന്റെ പ്രവർത്തനം തുടങ്ങി. നാട്ടിലെ നെൽപാടങ്ങളിൽ നിന്നുള്ള നെല്ലുകുത്തി അരിയാക്കി വിപണിയിലെത്തിക്കുന്ന ഇൗ സംരംഭം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. കർഷകരിൽ നിന്ന് നെല്ല് സമാഹരിച്ച് ഗുണനിലവാരമുള്ള അരി വിപണിയിലെത്തിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്താണ് തുടക്കമിട്ടത്. കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ രൂപീകിച്ച സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഉദ്ഘാടനം . ആറ് മാസം പ്രവർത്തിച്ചെങ്കിലും തകാറിലായി.കഴിഞ്ഞ വർഷം ജൂണിലെ മഴയിൽ ബ്ലോയർ പ്ലാന്റിന് മുകളിൽ നനവുണ്ടായതോടെയാണ് പ്രവർത്തനം നിലച്ചത്. എമ്മിഷൻ ട്രീറ്റ്മെന്റ് സീവേജ് പ്ലാന്റ് (ഇ.ടി.പി) ഇല്ലാത്തതും പ്രശ്നമായി.
കൊടുമൺ റൈസിന് നേരത്തെ നെല്ല് കുത്തിയിരുന്നത് കോട്ടയം വെച്ചൂരിലെ ഓയിൽ പാം ഇന്ത്യയുടെ മില്ലിലായിരുന്നു. പിന്നീടാണ് കൊടുമണ്ണിൽ മില്ലുവന്നത്. ഗതാഗത ചെലവ്, നെല്ല് കയറ്റിയിറക്കൽ ചെലവ് എന്നിവ വർദ്ധിച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് കൊടുമൺ ഒറ്റത്തേക്കിൽ റൈസ് മിൽ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിക്കായി അടച്ചതോടെ വീണ്ടും കോട്ടയത്തായിരുന്നു നെല്ലുകുത്തൽ. ജില്ലാപഞ്ചായത്തിന്റെ 14 ലക്ഷം രൂപ ചെലവഴിച്ചാണ് മേൽക്കൂരയും പ്ലാന്റും നിർമ്മിച്ചത്.
ദിവസവും രണ്ട് ടൺ നെല്ലുകുത്താം
കൊടുമൺ റൈസ് മില്ലിൽ ദിവസവും രണ്ട് ടൺ നെല്ലുകുത്താം . കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ നിന്നാണ് ഇവിടേക്കുള്ള കൂടുതൽ നെല്ലും സംഭരിക്കുന്നാണ്. ബാക്കിയുള്ളത് പുറത്തുള്ള കർഷകരിൽ നിന്ന് സംഭരിക്കും. കൊടുമൺ റൈസിന്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങളായ കുത്തരി, പച്ചരി, പുട്ടുപൊടി, അപ്പപ്പൊടി, അവിൽ , നുറക്കരി എന്നിവയും വിപണിയിൽ ലഭിക്കും.
♦ മില്ലിന്റെ നിർമ്മാണ ചെലവ് : 1.10 കോടി
♦ അറ്റകുറ്റപണിക്ക് ചെലവായത് : 14 ലക്ഷം
കൊടുമൺ റൈസ് മില്ലിൽ പുതിയ ഇ.ടി.പി പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ വലിയ സ്വപ്നമായിരുന്നു കൊടുമൺ റൈസ് മിൽ.
എ.എൻ സലിം
ജില്ലാ പഞ്ചായത്തംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |