
അടൂർ : അടൂർ നിയോജകമണ്ഡലത്തിലെ കനാൽ റോഡുകളിൽ മിക്കവയും തകർന്ന് തരിപ്പണമായി. ഏറത്ത് പഞ്ചായത്തിൽ ജനശക്തി നഗറിൽ നിന്നുതുടങ്ങുന്ന കനാൽ റോഡും ഏഴംകുളം പഞ്ചായത്തിൽ കെ പി റോഡ് ഉടയാൻമുറ്റം റോഡ് ,പന്നിവിഴ കെ ഐ പി റോഡ് ,കരുവാറ്റ കെ ഐ പി റോഡ് ,ഉൾപ്പടെ മിക്ക പഞ്ചായത്തുകളിലെയും ഭൂരിഭാഗം കനാൽ റോഡുകളുടെയും അവസ്ഥ തീർത്തും പരിതാപകരമാണ് .പ്രധാന റോഡുകളിലെ യാത്രാദുരിതം ഒഴിവാക്കാൻ വളരെയധികം ഉപകാരപ്രദമാണ് കനാൽ റോഡുകൾ. ഇവ നവീകരിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുണ്ട്. ത്രിതല പഞ്ചായത്തുകൾ റോഡ് നവീകരിക്കാൻ ശ്രമിച്ചാലും കെ ഐ പിയുടെ അനാസ്ഥകാരണം നടപടിയുണ്ടാകില്ല. പല ഭാഗങ്ങളിലും റോഡുകൾ കാടുകയറി ഉപയോഗശൂന്യമായി കിടക്കുകയാണ് .ടാറിംഗ് ഇളകിമാറി മെറ്റിൽ തെറിച്ചുകിടക്കുന്ന റോഡിൽ കാൽനടയാത്രപോലും ബുദ്ധിമുട്ടിലാണ്. സ്‌കൂൾ ബസുകളും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ദിവസേന ഇതുവഴി പോകുന്നുണ്ട്. കല്ലട ജലസേചന പദ്ധതി തുടങ്ങിയ കാലത്ത് നിർമ്മിച്ച പല കനാൽ റോഡുകളുടെയും അറ്റകുറ്രപ്പണി പിന്നീട് നടത്തിയിട്ടില്ല.
വകുപ്പുകൾ തമ്മിൽ തർക്കം
കനാൽ റോഡുകളുടെ ഉടമസ്ഥാവകാശം ജലസേചന വകുപ്പിനാണ്.പക്ഷേ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വകുപ്പിന് ഫണ്ടില്ല. പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് റോഡ് നന്നാക്കാൻ തീരുമാനിച്ചാലും ഇതിന് ജലസേചന വകുപ്പിന്റെ അനുമതി വേണം. പക്ഷേ ഇത് ലഭിക്കുന്നത് പലപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങും. കനാൽ റോഡുകളുടെ അറ്റകറ്രപ്പണി സംബന്ധിച്ച് ഇരുവകുപ്പുകളും നിയമപരമായ ധാരണയിലെത്തിയാലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകു.
---------------------------
അറ്റകുറ്റപ്പണി നടത്തിയിട്ട് 25 വർഷം
ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഫണ്ടുകൾ ഉപയോഗിച്ച് കെ ഐ പി യുടെ അനുവാദമില്ലാതെ റോഡ് നവീകരണം അസാദ്ധ്യമാണ് .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കനാൽ റോഡുകൾ നവീകരിക്കാൻ അധികാരം ലഭിക്കുന്ന നിലയിൽ സർക്കാർ ഉത്തരവുകൾ ഉണ്ടാകണം "
പി കെ മുരളി
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |