ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി നടത്തിയ പമ്പ സ്പെഷ്യൽ സർവീസുകളുടെ വരുമാനം 25 കോടി കടന്നു. മണ്ഡലകാലത്ത് മാത്രം 22 കോടി രൂപയായിരുന്നു വരുമാനം. മകരവിളക്കിന് നട തുറന്ന സിസംബർ 30 മുതൽ ജനുവരി പത്ത് വരെയുള്ള വരുമാനം 3,87,00996 രൂപയാണ് . ഇപ്പോൾ പ്രതിദിനം ശരാശരി 30 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
5,78,325 കിലോമീറ്ററാണ് വെള്ളിയാഴ്ച വരെ കെ.എസ്.ആർ.ടി.സി ഓടിയത്. 3,131 ദീർഘദൂര സർവീസുകൾ നടത്തി. ഏറ്റവും കൂടുതൽ സർവീസുകൾ ചെങ്ങന്നൂരിലേക്കാണ് നടത്തിയത്. എറണാകുളത്തേക്ക് -162, എരുമേലി -– 785, കുമളി – 345, കോട്ടയം – 265, തിരുവനന്തപുരം – 317 സർവീസുകളും ജനുവരി ഒന്ന് മുതൽ നടത്തി. പമ്പ – നിലയ്‌ക്കൽ റൂട്ടിൽ 25,379 ചെയിൻ സർവീസുകൾ നടത്തി. മകരവിളക്കിനോടനുബന്ധിച്ച് പമ്പയിൽനിന്നും അന്തർസംസ്ഥാന സർവീസുകൾ നടത്തും. ചെന്നൈ, കോയമ്പത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെൽവേലി, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. മകരവിളക്കിനോടനുബന്ധിച്ച് 1,000 ബസുകൾ സർവീസിനായി ഒരുക്കിയിട്ടുണ്ട്. പമ്പ–നിലയ്‌ക്കൽ ചെയിൻ സർവീസിനായി 199 ബസുകളും മറ്റ് സർവീസുകൾക്കായി 801 ബസുകളുമാണ് തയ്യാറാക്കുന്നത്. ഈ ബസുകൾ നാളെ ഉച്ചയോടെ പമ്പയിലും പത്തനംതിട്ടയിലുമായി എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |