
പത്തനംതിട്ട: ജില്ലയിലെ നീർപ്പക്ഷികളുടെ എണ്ണത്തിൽ വൻ കുറവ്. നീർത്തടങ്ങളും നശിക്കുകയാണ്. 10 നീർത്തടങ്ങളിൽ 10, 11 തീയതികളിലായി നടന്ന ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിലാണ് ഇത് കണ്ടെത്തിയത്. 50 ഇനങ്ങളിലായി 3766 നീർപ്പക്ഷികളെ കണ്ടെത്തി. കഴിഞ്ഞ വർഷം 6170 എണ്ണമുണ്ടായിരുന്നു.
വനംവകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സ് ആണ് കണക്കെടുപ്പ് നടത്തിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, പന്തളം എൻ.എസ്. എസ്. കോളേജ്, പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും കണക്കെടുപ്പ് സംഘങ്ങളിൽ അംഗങ്ങളായി. പക്ഷിനിരീക്ഷകരും വനംവകുപ്പുദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടെ 58 പേർ പങ്കെടുത്തു.
വനം വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ബി.രാഹുൽ, റേഞ്ച് ഓഫീസർമാരായ ഷുഹൈബ്, മുഹമ്മദ് സബീർ, പത്തനംതിട്ട ബേഡേഴ്സ് കോർഡിനേറ്റർ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം, അനീഷ് ശശിദേവൻ എന്നിവർ നേതൃത്വം നൽകി. ഹരികുമാർ മാന്നാർ, പ്രദീപ് അയ്മനം, റോബിൻ സി കോശി, ആദർശ് അജയ്, അഖിൽ, ബ്രൈറ്റ് റോയ്, ഹരി മാവേലിക്കര, അനീഷ് ശശിദേവൻ, സിജു ജോസഫ് എന്നിവർ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവേ സംഘങ്ങളെ നയിച്ചു.
വിനയായത് കാലവാസ്ഥാ മാറ്റം
കാലാവസ്ഥയിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് നീർപ്പക്ഷികൾക്കും നീർത്തടങ്ങൾക്കും വിനായായതെന്നാണ് കണ്ടെത്തൽ. നീർത്തടങ്ങളാണ് നീർപ്പക്ഷികളുടെ ആവാസകേന്ദ്രം. നിർത്തടങ്ങൾ വൻതോതിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാമാറ്റവും പക്ഷികളുടെ നിലനിൽപിന് ഭീഷണിയായി.
കരിങ്ങാലി പുഞ്ചയുടെ ചേരിക്കൽ ഭാഗം, പൂഴിക്കാട് ഭാഗം, മാവരപ്പുഞ്ച, വള്ളിക്കോട് പുഞ്ച, ഉളനാട് പോളച്ചിറ, ആറൻമുള നാൽക്കാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കവിയൂർ പുഞ്ച, അപ്പർകുട്ടനാടിന്റെ ഭാഗങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്.
ചതുപ്പൻ മുതൽ ചായമുണ്ടി വരെ
കണ്ടെത്തിയ പക്ഷികൾ: ദീർഘദൂരദേശാടകരായ വരി എരണ്ട, ചതുപ്പൻ, പൊൻമണൽക്കോഴി, പച്ചക്കാലി, ആറ്റുമണൽക്കോഴി, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, വലിയ മോതിരക്കോഴി, ബഹുവർണ്ണമണലൂതി, പുള്ളി കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, പട്ടവാലൻ ഗോഡ്വിറ്റ്, കരി ആള, മഞ്ഞവാലുകുലുക്കി, വലിയ പുള്ളിപ്പരുന്ത്, കരിതപ്പി, ലഘുദേശാടകരായ പവിഴക്കാലി, ചായമുണ്ടി
# 50 ഇനങ്ങളിലായി 3766 നീർപക്ഷികൾ
# കഴിഞ്ഞ വർഷം 6170.
നീർത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം വിലയിരുത്തുന്നതിനും ദേശാടകരും സ്ഥിരവാസികളുമായ നീർപ്പക്ഷികളുടെ സ്ഥിതി മനസിലാക്കുന്നതിനുമായി എല്ലാ വർഷവും ജനുവരിയിലാണ് കണക്കെടുപ്പ് നടത്തുന്നത്.
അനീഷ് ശശിദേവൻ, സർവേ കോർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |