കോന്നി: കാട്ടാനയെ കണ്ട് ഭയന്നോടിയ ഗൃഹനാഥന് വീണ് പരിക്കേറ്റു. കല്ലേലി സ്വദേശി ജെറി ഡാനിയേലിനാണ് (48) പരിക്കേറ്റത്. വീഴ്ചയിൽ കാലിന് രണ്ട് പൊട്ടലേറ്റു. ശനിയാഴ്ച വെളുപ്പിന് 5.30 ഓടെ വീടിന് സമീപം എന്തോ അനങ്ങുന്ന ശബ്ദം കേട്ട് വീടിന് പിന്നിലെ വാതിൽ തുറന്ന് ഇറങ്ങിയപ്പോഴാണ് മുറ്റത്ത് ഒറ്റയാൻ നിൽക്കുന്നത് കണ്ടത്.
ഭയന്ന് പിന്തിരിഞ്ഞോടിയ ജെറി വീഴുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി ചികിത്സ തേടി. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കല്ലേലി.
കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളാണ് കല്ലേലിയും പരിസരപ്രദേശങ്ങളും. വനത്തിൽ നിന്നെത്തുന്ന മൃഗങ്ങൾ ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. പ്രദേശത്ത് വ്യാപക കൃഷിനാശവും നേരിടുന്നുണ്ട്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിലും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. പുലർച്ചെ ടാപ്പിംഗിനെത്തുന്ന തോട്ടം തൊഴിലാളികളും മറ്റ് ജോലിക്കാരും ഇതുമൂലം ഏറെ ഭയപ്പാടിലാണ്.
പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരം കാരണമെന്ന് ആവശ്യപ്പെട്ട് കല്ലേലി ജനകീയ സമിതി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി സ്ഥലം സന്ദർശിച്ചിരുന്നു.
കൈതച്ചക്കയുടെ മണംപിടിച്ചെത്തും
എസ്റ്റേറ്റിൽ പുതുതായി പ്ലാന്റ് ചെയ്ത റബർ തൈകൾക്കിടയിൽ കൈതച്ചക്ക കൃഷി
പഴുത്ത കൈതച്ചക്ക ഭക്ഷിക്കാൻ കാട്ടാനകളെത്തും
കോന്നി അച്ചൻകോവിൽ വനപാതയിലെ കല്ലേലി ചെക്ക് പോസ്റ്റ്, ശിവചാമുണ്ഡി ക്ഷേത്രം, മന്തിക്കാന, വയക്കര, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കാട്ടാനകളുടെ സാന്നിദ്ധ്യം
വനപാതയിലൂടെ യാത്ര ചെയ്യുന്നവരും കാട്ടാനകളുടെ മുന്നിൽ അകപ്പെടുന്നു
വേനൽ കടുത്തതോടെ കാട്ടാനകൾ കൂടുതലായി ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്.
രവി പിള്ള, സംസ്ഥാന ജോ. സെക്രട്ടറി,
ഐക്യ കർഷകസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |