
തിരുവല്ല: മണിമലയാറിന്റെ കൈവഴിയായ ചാത്തങ്കരി തോട്ടിലെ പായലും മാലിന്യവും യന്ത്രസഹായത്തോടെ നീക്കിത്തുടങ്ങി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നീർത്തട ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചാത്തങ്കരി മന്ത്രയിൽ തോട്, ചാത്തങ്കരി നീർത്തടം, ചാത്തങ്കരി -മേപ്രാൽ ഭാഗത്തേക്ക് ഒഴുകുന്ന മുക്കത്തിപ്പടി തോട്, പെരിങ്ങര -മണിപ്പുഴ തോട്, വാളകത്തിൽ തോട് എന്നിവയെല്ലാം സംഗമിക്കുന്ന ഭാഗത്താണ് ശുചീകരണം. ആദ്യഘട്ടമായി നൂറ് മീറ്റർ ചുറ്റളവിൽ തോട് ആഴം കൂട്ടി ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് മെമ്പർ അഡ്വ. രാജേഷ് ചാത്തങ്കരി പറഞ്ഞു.
ഈമാസത്തിനുള്ളിൽ ശുചീകരണ ജോലികൾ പൂർത്തിയാക്കും. ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകളുടെ ഭാഗമായാണ് ശുചീകരണ ജോലികൾക്ക് തുടക്കം കുറിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് തോട് ശുചീകരിക്കുന്നത്.
അടുത്ത മഴക്കാലത്തിന് മുമ്പ് അപ്പർകുട്ടനാട്ടിലെ തോടുകളുടെ ശുചീകരണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യനീക്കം ആരംഭിച്ചു
അപ്പർകുട്ടനാടൻ നെല്ലറകളിലേക്ക് തെളിനീരെത്തിച്ചിരുന്ന തോടുകളിലെല്ലാം മാലിന്യംനിറഞ്ഞു
ചെറിയ ഫണ്ട് ചെലവഴിച്ച് വ്യാപക ശുചീകരണം സാദ്ധ്യമല്ല
ലഭ്യമായ ഫണ്ടിൽ കുറച്ച് ഭാഗങ്ങൾ വീതം ശുചീകരിക്കാൻ ജനപ്രതിനിധികൾ
ഒഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടന്ന് കറുത്ത് കുറുകി
പ്രദേശവാസികൾക്ക് ആരോഗ്യഭീഷണി
ചെലവഴിക്കുന്നത്
₹ 13 ലക്ഷം
നെൽകൃഷിയുടെ പ്രധാന ജലസ്രോതസ്
മണിമലയാറിന്റെ കൈവഴിയായി നെടുമ്പ്രം പഞ്ചായത്തിലെ അഞ്ചുപറ കടവിൽ നിന്നാരംഭിച്ച് കാവുംഭാഗം, മണിപ്പുഴ, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ ഭാഗങ്ങളിലേക്ക് ഒഴുകുന്ന തോടുകൾ നെൽകൃഷിയുടെ പ്രധാന ജലസ്രോതസാണ്. വർഷങ്ങളായി ശുചീകരണം നടക്കാത്തതിനാൽ തോടുകളെല്ലാം മാലിന്യവാഹിനിയാണ്. എക്കലും ചെളിയും അടിഞ്ഞുകൂടിയതോടെ ആഴവും കുറഞ്ഞു. തോടുകളുടെ പലഭാഗങ്ങളും നികന്നു. മഴക്കാലത്ത് അതിവേഗം തോടുകൾ കരകവിയും. തോടിന്റെ ആഴം കൂട്ടി മാലിന്യം മാറ്റുന്നതോടെ ഒഴുക്ക് ശക്തമായി തോടുകളുടെ സംഭരണശേഷി ഉയരും.
ജലനിരപ്പ് താഴ്ന്നതോടെ പലഭാഗത്തും മാലിന്യം കുമിഞ്ഞുകൂടി. പോളയും പായലും അഴുകി പ്രദേശമാകെ ദുർഗന്ധം പരത്തുകയാണ്. കൊതുക് പെരുകുന്നതിനും ജലജന്യ രോഗങ്ങൾക്കും കാരണമായിട്ടുണ്ട്.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |