SignIn
Kerala Kaumudi Online
Thursday, 09 May 2024 6.33 PM IST

തിരുവാഭരണ പ്രഭയിൽ പന്തളവും പാതകളും

pdm
തി​രുവാഭരണ ഘോഷയാത്ര പന്തളത്ത് നി​ന്ന് പുറപ്പെടുന്നു

പന്തളം: മകരസംക്രമവേളയിൽ അയ്യപ്പന് അണിയാനുള്ള തിരുവാഭരണം കണ്ടുതൊഴാൻ പന്തളത്തും പാതയോരങ്ങളിലും കാത്തുനിന്നത് ആയിരങ്ങൾ. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് പന്തളത്തെത്തിയത്. ഇന്നലെ പുലർച്ചെ മുതൽ എല്ലാ വഴികളിലൂടെയും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. പുലർച്ചെ വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രനട തുറന്നപ്പോൾ മുതൽ ഉച്ചയ്ക്ക് 12ന് പ്രത്യേക പൂജയ്ക്കായി തിരുവാഭരണ പേടകം അടയ്ക്കുന്നതുവരെ ക്ഷേത്രസോപാനത്തിൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ കൺകുളിർക്കെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങൾ വിവിധയിടങ്ങളിൽ നിന്ന് എത്തി. ഘോഷയാത്രയെ അനുഗമിക്കുന്ന കൃഷ്ണപ്പരുന്ത്, പുറപ്പെടാനുള്ള സമയമറിയിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ വലിയകോയിക്കൽ ക്ഷേത്രത്തിനു മുകളിൽവട്ടമിട്ടു പറന്നതോടെ ശരണമന്ത്രങ്ങൾ ഉച്ചസ്ഥായിയിലെത്തി. ഇതോടെ ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങൾ ശിരസിലേറ്റി ഉറഞ്ഞുതുള്ളി ക്ഷേത്രത്തിനു പുറത്തെത്തി. ഈസമയം ശരണമന്ത്രങ്ങളാലും വായ്ക്കുരവകളാലും വാദ്യമേളങ്ങളാലും അന്തരീക്ഷം മുഖരിതമായി. ഘോഷയാത്രയെ രാജപ്രതിനിധി മൂലംനാൾ ശങ്കർവർമ്മ നയിച്ചു. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി. കമാൻഡന്റ് പി.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധപൊലീസ് സേനയും ബോംബ് സ്​ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയ്‌​ക്കൊപ്പം പുറപ്പെട്ടു.
മേടക്കല്ലിൽ കൊട്ടാരം നിർവ്വാഹകസംഘവും ക്ഷത്രിയ ക്ഷേമസഭയും പന്തളം നഗരസഭയും മണികണ്ഠനാല്ത്തറയിൽ അയ്യപ്പ സേവാസംഘവും സേവാകേന്ദ്രത്തിനു മുമ്പിൽ ശബരിമല അയ്യപ്പസേവാ സമാജവും സ്വീകരണം നല്കി. എം.സി റോഡിൽ വലിയപാലം കഴിഞ്ഞപ്പോൾ കുളനട ഗ്രാമപഞ്ചായത്ത് സ്വീകരണം ഒരുക്കി. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി കുളനട ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണം ദർശനത്തിനുവച്ചപ്പോൾ ആയിരക്കണക്കിന് ഭക്തരാണ് കണ്ടുതൊഴുതത്. കൈപ്പുഴ ഗുരുമന്ദിരത്തിന് മുമ്പിലെത്തിയ ഘോഷയാത്രയെ നിറപറയും നിലവിളക്കും വച്ചു സ്വീകരിച്ചു. റോഡിനിരുവശവും നിന്ന ഭക്തർ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് ശേഷം 2.30ന് ഉള്ളന്നൂർ ക്ഷേത്രത്തിലും 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിലും ദർശനമൊരുക്കി. കിടങ്ങന്നൂർ, നാല്ക്കാലിക്കൽ, ആറന്മുള കിഴക്കേനട, ചെറുകോൽപ്പുഴ ക്ഷേത്രംവഴി രാത്രിയിൽ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയ സംഘം ഇന്നലെ അവിടെ വിശ്രമിച്ചു.

ഇന്ന് പുലരുംമുമ്പുതന്നെ ഘോഷയാത്ര അവിടെ നിന്ന് പുറപ്പെട്ടു.

അവതാരോദ്ദേശം പൂർത്തിയാക്കി ശബരിമലയിൽ ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പന് മകരസംക്രമ സന്ധ്യയിലണിയിക്കാൻ വളർത്തച്ഛൻ പന്തളം രാജാവ് പണികഴിപ്പിച്ചതാണ് തങ്കത്തിൽ തീർത്ത തിരുവാഭരണങ്ങൾ. എല്ലാവർഷവും ധനു 28നാണ് തിരുവാഭരണങ്ങൾ പന്തളത്തുനിന്ന് ഘോഷയാത്രയായി സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത്.

യാത്രയാക്കാൻ പ്രമുഖരും

പന്തളം: തിരുവാഭരണ ഘോഷയാത്രയെ യാത്രയാക്കാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെയുള്ള പ്രമുഖരെത്തിയിരുന്നു. എം.എൽ.എമാരായ പ്രമോദ് നാരായൺ, ഐ.സി.ബാലകൃഷ്ണൻ, ജില്ലാകളക്ടർ ദിവ്യാ എസ്. അയ്യർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, അംഗം അഡ്വ.മനോജ് ചരളേൽ, പന്തളം നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ്, ഐ.ജി പി.വിജയൻ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, അഖില ഭാരത അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാർ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, മുൻ എം.എൽ.എമാരായ എ.പത്മമകുമാർ, മാലേത്ത് സരളാദേവി,കെ.കെ.ഷാജു, ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, അയ്യപ്പസേവാസമാജം സംസ്ഥാനസംഘടനാ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ, പി.മോഹൻരാജ്, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണൻ,ഡി.സി.സി സെക്രട്ടറി ജി.രഘുനാഥ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.