പത്തനംതിട്ട : യുവാക്കൾക്കിടയിൽ ലഹരിമരുന്നുകൾ പിടിമുറുക്കുകയാണെന്നും ലഹരിയിലകപ്പെടാതിരിക്കാൻ സ്വയം ശ്രദ്ധിക്കണമെന്നും പത്തനംതിട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി. പ്രഭാകരൻ പിള്ള പറഞ്ഞു.
കോട്ട ശ്രീനാരായണ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ കേരള കൗമുദിയുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധപൗർണ്ണമി ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
കൗമാരക്കാരായ കുട്ടികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. പണത്തിനും മറ്റുമായി കുട്ടികൾ ലഹരി ഇടപാടിലേക്ക് തിരിയുമ്പോൾ നഷ്ടപ്പെടുന്ന ജീവിതവും വീട്ടുകാരുടെ സ്വപ്നങ്ങളും സാഹചര്യങ്ങളും ചോദ്യചിഹ്നമായി മാറുകയാണ്.
ജീവിത സാഹചര്യങ്ങൾ കാരണം ലഹരിക്ക് കീഴ്പ്പെടുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അങ്ങനെയുള്ളവർ മറ്റുള്ളവർക്ക് മാതൃകയായി ജീവിതത്തിൽ പൊരുതി മുമ്പോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
റിട്ട. അദ്ധ്യാപകൻ സി.കെ രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനംചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള പത്രമാണ് കേരള കൗമുദിയെന്നും സത്യസന്ധമായി വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ കേരള കൗമുദി മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് പി.എസ്. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി. സഹദേവൻ , സ്കൂൾ ട്രഷറർ കെ.ജി പ്രസന്നൻ, പി.ടി.എ സെക്രട്ടറി എ.ആർ രേഖ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |