പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കർമ്മസേന മുഖേന നടത്തുന്ന അജൈവ മാലിന്യശേഖരണത്തിന് യൂസർ ഫീ നിർബന്ധമായും നൽകണം. ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകേണ്ടതില്ല എന്ന തരത്തിലുള്ള പ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാപകമാകുന്നുണ്ട്.
സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ള ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസർ ഫീ വീടുകളും സ്ഥാപനങ്ങളും നൽകാൻ ബാദ്ധ്യസ്ഥരാണ്. ഈ ബൈലോ പ്രകാരം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറേണ്ടതും നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകേണ്ടതുമാണ്.
കേരള സർക്കാരിന്റെ 2020 ആഗസ്റ്റ് 12ന് ജി.ഒ (ആർ.ടി) നമ്പർ 1496/2020 എൽ.എസ്.ജി.ഡി ഉത്തരവിൽ ഹരിത കർമ്മസേനയുടെ പ്രവർത്തന മാർഗരേഖ അംഗീകരിച്ചിട്ടുള്ളതും ഇതിൽ ഹരിത കർമ്മസേന നൽകുന്ന സേവനങ്ങൾക്കൊപ്പം അവ സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുണഫലങ്ങൾക്കുള്ള പാരിതോഷികം കൂടിയായി വേണം യൂസർഫിയെ കാണേണ്ടതെന്ന് പറഞ്ഞിട്ടുമുണ്ട്. വീടുകളിൽ നിന്നുള്ള അജൈവമാലിന്യ ശേഖരണത്തിന് കുറഞ്ഞത് ഗ്രാമപ്രദേശങ്ങളിൽ 50 രൂപയും നഗരപ്രദേശങ്ങളിൽ 70 രൂപയും കടകളിൽ നിന്ന് 100 രൂപയുമാണ് നൽകേണ്ടത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കത്തിക്കുന്നതും ശിക്ഷാർഹമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കും എതിരെ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ തദ്ദേശസ്ഥാപനങ്ങൾ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് യൂസർ ഫീ നൽകാൻ പലരും വിസമ്മതിച്ചിരുന്നു.
അജൈവമാലിന്യ ശേഖരണത്തിന്
ഹരിത കർമ്മസേന ഇൗടാക്കുന്ന ഫീസ്
ഗ്രാമങ്ങളിൽ : 50 രൂപ
നഗരങ്ങളിൽ : 70 രൂപ
സ്ഥാപനങ്ങളിൽ : 100 രൂപ
"ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകുന്നതിനെതിരായി വ്യാജ പ്രചാരണം നടത്തി തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ തടസപ്പെടുത്തുവാൻ ഗൂഢനീക്കം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവർ പിൻമാറണം."
ജി.അനിൽകുമാർ
നവകേരളം കർമ്മപദ്ധതി ജില്ലാ കോ -ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |