തിരുവനന്തപുരം: നാലുമണിക്കൂർ കളക്ടറേറ്റും പരിസരവും വിറപ്പിച്ച് തേനീച്ചക്കൂട്ടം.ആദ്യം ഏറെപ്പേരും കരുതിയത് മോക്ക്ഡ്രില്ലെന്നാണ്.ഒടുവിൽ പലർക്കും കുത്തേറ്റതോടെ സംഗതി ഗുരുതരമാണെന്ന് തിരച്ചറിയുകയായിരുന്നു.
ബോംബിനേക്കാൽ വലിയ ബോംബാണ് തങ്ങളുടെ പിന്നാലെ കൂടിയേക്കുന്നതെന്ന് കളക്ടറേറ്റിൽ എത്തിയവരും ജീവനക്കാരും തിരിച്ചറിയുകയായിരുന്നു.
ബോംബ് ഭീഷണിയെ തുടർന്നാണ് കളക്ടർ അനുകുമാരി ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ അനൗൺസ്‌മെന്റിലൂടെ ജീവനക്കാരോടെല്ലാം പുറത്തേക്കിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ജീവനക്കാരോടൊപ്പം കളക്ടറും പുറത്തിറങ്ങി മുറ്റത്ത് കസേരയിട്ടിരുന്ന്, പൊതുജനങ്ങളുടെ പരാതി കേൾക്കാൻ ആരംഭിച്ചു. സബ് കളക്ടർ ആൽഫ്രഡ് ഓവിയും സമീപമുണ്ടായിരുന്നു.
ഇതിനിടെ രണ്ട് സ്ത്രീകളും, ഇവർക്ക് പിന്നാലെ കൂട്ടത്തോടെ മറ്റുചിലരും ഓടിവന്നു.സംഭവം കണ്ടപ്പോൾ ബാക്കിയുള്ളവർ കരുതിയത് ബോംബ് കണ്ടെത്തിയെന്നാണ്. ബോംബ് കാണാൻ ഓടിക്കൂടിയവർ കണ്ടതാകട്ടെ ആദ്യമെത്തിയ സ്ത്രീകളെ തേനീച്ചക്കൂട്ടം പൊതിയുന്നതാണ്. നിലവിളിച്ചെങ്കിലും ഇവർക്ക് അടുത്തേക്ക് പോകാനോ രക്ഷപ്പെടുത്താനോ ആർക്കും ധൈര്യമുണ്ടായില്ല.
രക്ഷിക്കാനായി ചെന്ന സബ് കളക്ടർ ആൽഫ്രഡ് ഓവിയെയും തേനീച്ചകൾ വളഞ്ഞു. സബ് കളക്ടറുടെ കഴുത്തിനും മുഖത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
കളക്ടറേറ്റ് കാന്റീനിനുള്ളിൽ കയറി കതകടച്ചിരുന്ന് കുറേപ്പേർ തേനീച്ചയാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പുറത്തിറങ്ങിയവർക്ക് അകത്തേക്ക് കയറാനോ,അകത്തിരുന്നവർക്ക് പുറത്തേക്കിറങ്ങാനോ കഴിയാതെ വൈകിട്ട് 5വരെ ജീവനക്കാരും പൊതുജനങ്ങളും അക്ഷരാർത്ഥത്തിൽ വലഞ്ഞു. നിരവധിപേർക്കാണ് തേനീച്ചയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ സ്ത്രീകളെയും സബ് കളക്ടറെയും പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |