കല്ലമ്പലം: കല്ലമ്പലം മേഖലയിലെ തിരക്കേറിയ റോഡുകളിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. വർഷങ്ങൾക്കു ശേഷം ആരംഭിക്കാനിരിക്കുന്ന പണികൾക്കായി മാസങ്ങൾക്കു മുൻപേ ഇറക്കിയിട്ടിരിക്കുന്ന വലിയ പൈപ്പുകളാണ് യാത്രയ്ക്ക് ഭീഷണിയും അപകടക്കെണിയുമാകുന്നത്.
ഒഴിഞ്ഞ സ്ഥലത്തോ മറ്റോ മാറ്റിയിട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തുകൾക്കും വാട്ടർ അതോറിട്ടിക്കും പരാതി നൽകിയിട്ടും നടപടിയില്ല.
സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനാൽ പൈപ്പുകൾക്കുള്ളിൽ ഇഴജന്തുക്കളുണ്ടെന്നും തെരുവുനായ തമ്പടിക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. വളരെ തിരക്കുള്ള വർക്കല കല്ലമ്പലം റോഡിലും സ്ഥിതി ഇതാണ്. പോസ്റ്റ് ഓഫീസിനു സമീപം പൈപ്പുകൾ നാല് സ്ഥലങ്ങളിലായി കൂടികിടക്കുന്നത് വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. കൊടും വളവുള്ള റോഡ് സ്ഥിരം അപകട മേഖലയാണ്. തിരക്കുള്ള നാവായിക്കുളം - തുമ്പോട് റോഡിൽ പല സ്ഥലങ്ങളിലും റോഡിനിരുവശങ്ങളിലും പൈപ്പ് കൂട്ടിയിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. പൈപ്പുകളിൽ കടുമൂടി പൈപ്പ് കാണാൻ പറ്റാത്ത സ്ഥിതിയാണ്.
കെണിയായി
രണ്ടുദിവസം മുൻപ് ചേന്നൻകോട് - ഒറ്റൂർ റോഡിൽ ഇറക്കിയിട്ട പൈപ്പിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതേ സ്ഥലത്ത് ബസും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 7 ദിവസം മുൻപും അപകടം നടന്നിരുന്നു.
നിരവധി വാഹനങ്ങൾ
ഒറ്റൂർ മുതൽ ചേന്നൻകോട് വരെയുള്ള റോഡിൽ പൈപ്പുകൾ പല ഭാഗത്തായി കൂടിയിട്ടിരിക്കുകയാണ്. ഒറ്റൂർ പാലം പണി നടക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനാൽ ധാരാളം വാഹനങ്ങളാണ് ചേന്നൻകോട് ഒറ്റൂർ റോഡ് വഴി പോകുന്നത്. പാലം പണി പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
മാലിന്യശേഖരവും
വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഹരിതകർമ്മ സേന ശേഖരിച്ച് പൈപ്പുകൾക്ക് മുകളിൽ കൊണ്ടുവയ്ക്കുന്നുണ്ട്. രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്നുപോകുമ്പോൾ കാൽനടയായി പോകുന്ന വിദ്യാർത്ഥികളും കശുഅണ്ടി തൊഴിലാളികളും പൈപ്പിന് മുകളിലേക്ക് കയറുന്നത് അപകടത്തിനും ഇഴജന്തുക്കളുടെ കടിയേൽക്കാനും കാരണമാകുന്നു.
ക്യാപ്ഷൻ: നാവായിക്കുളം -തുമ്പോട് റോഡിൽ ഐറ്റിൻചിറയ്ക്കു സമീപം റോഡിൽ കൂട്ടിയിട്ടിരിക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പുകളും ഹരിത സേനയുടെ മാലിന്യ ചാക്കുകളും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |