തിരുവനന്തപുരം: വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബറിന്റെ സമ്പൂർണ നവീകരണം നീണ്ടുപോകുമ്പോൾ താത്കാലിക ആശ്വാസമായി തീരം പുനഃസ്ഥാപിക്കാൻ 77 ലക്ഷം രൂപയുടെ ഭരണാനുമതി. വിഴിഞ്ഞം ഹാർബർ,വിഴിഞ്ഞം തെക്ക് ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവിടങ്ങളിൽ വള്ളം കരയ്ക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനഃസ്ഥാപിക്കാനാണ് തീരുമാനം.നിലവിൽ പരമ്പരാഗത യാനങ്ങൾ കരയ്ക്കടുപ്പിക്കാൻ പ്രയാസമാണ്. സാൻഡ് പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുന്നത്.
നിലവിലെ പ്രശ്നങ്ങൾ
1) കാലവർഷത്തിൽ മത്സ്യബന്ധന തുറമുഖത്തേക്ക് ശക്തമായ തിരയടിയാണ്
2) അതിനാൽ ഹാർബർ മൗത്ത് വഴി വള്ളങ്ങൾക്ക് വന്നുപോകാൻ സാധിക്കില്ല
3) ഹാർബർ മൗത്തിൽ മുതലപ്പൊഴി ഹാർബറിലേതുപോലെ മണൽ വലിയ രീതിയിൽ അടിഞ്ഞു കൂടിയിട്ടുണ്ട്
4) ഇതുകാരണം വള്ളങ്ങൾ മറിഞ്ഞ് അപകടം പതിവാകുന്നു
ഫിഷിംഗ് ഹാർബർ മാസ്റ്റർപ്ളാൻ
ഇനി എന്ന് നടപ്പാകും ?
വിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ സമ്പൂർണ നവീകരണത്തിനു വേണ്ടിയുള്ള മാസ്റ്റർപ്ളാനിന് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. 72 കോടി രൂപയുടെ സമ്പൂർണ നവീകരണ പദ്ധതിയുടെ മാസ്റ്റർപ്ളാനാണ് സമർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലുൾപ്പെടുത്തി മാസ്റ്റർപ്ളാൻ നടപ്പാക്കണമെന്നാണ് ആവശ്യം. 24 കോടി ലാൻഡിംഗ് സെന്ററിനും 48 കോടി ഹാർബർ നവീകരണത്തിനും എന്നിങ്ങനെയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖത്തിനും പഴയ ഹാർബറിനും ഇടയിലുള്ള 300 മീറ്റർ സ്ഥലത്താണ് ഹാർബർ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പുലിമുട്ട് നിർമ്മാണം
വിഴിഞ്ഞത്ത് ഫിഷിംഗ് ഹാർബറിൽ പുലിമുട്ട് നിർമ്മിക്കുന്ന പദ്ധതിയും ഇഴയുകയാണ്. വിഴിഞ്ഞം തുറമുഖത്തിനടുത്തുള്ള ഫിഷിംഗ് ഹാർബറിൽ നിലവിൽ 500 മീറ്റർ നീളമുള്ള പുലിമുട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് 273 മീറ്റർ അധികം പുലിമുട്ട് നിർമ്മിക്കണമെന്നായിരുന്നു സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ കീഴിൽ നടത്തിയ പഠനത്തിലെ ശുപാർശ. ശുപാർശയിൽ അല്പം മാറ്റം വരുത്തി 250 മീറ്റർ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. ശക്തമായ തിരമാലകളുള്ള ഇവിടെ പുലിമുട്ട് സ്ഥാപിച്ചാൽ അത് ആശ്വാസമാകും. എന്നാൽ ഈ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |