തിരുവനന്തപുരം: നാലുപേരെ കൂട്ടക്കൊലചെയ്ത കേഡൽ ഉന്മാദിയായി അഭിനയിച്ചത് ശിക്ഷയിൽ നിന്ന് രക്ഷപെടാനായിരുന്നു. ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നത് നേരിൽ കാണാനാണ് കൊലനടത്തിയതെന്നും ഇതിനുള്ള ആസ്ട്രൽ പ്രൊജക്ഷൻ പത്തുവർഷത്തോളമായി പരിശീലിക്കുന്നുണ്ടെന്നും കേഡൽ വെളിപ്പെടുത്തി. എന്നാൽ, കുറ്റകൃത്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ ഐ.പി.സി-84 പ്രകാരം കുറ്റകരമാവില്ലെന്നത് മനസിലാക്കിയാണ് ഉന്മാദാവസ്ഥ അഭിനയിച്ചതെന്ന് മനഃശാസ്ത്രജ്ഞൻ കണ്ടെത്തി.
ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ചുള്ള പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ നിന്നും സിനിമയിൽ നിന്നുമുള്ള അറിവുമാത്രമേ കേഡലിനുള്ളൂ എന്ന് പൊലീസ് മനസിലാക്കി. വീടിന്റെ രണ്ടാമത്തെ നിലയിൽനിന്ന് കണ്ടെത്തിയ മഴു, വെട്ടുകത്തി എന്നിവയിൽ രക്തം പുരണ്ടിരുന്നത് കേഡലിനെതിരേ ശക്തമായ തെളിവായി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടുകാരുടെ അവഗണനയാണ് കൂട്ടക്കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് കേഡൽ സമ്മതിച്ചു. മെഡി.കോളേജ് ആർ.എം.ഒയായിരുന്ന മനോരോഗ വിദഗ്ദ്ധൻ ഡോ.മോഹൻറോയിയായിരുന്നു ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
കൂട്ടക്കൊലയ്ക്ക് ശേഷം ഹോട്ടലിൽ നിന്ന് മൂന്നുനേരവും അഞ്ച് പേർക്കുള്ള ഭക്ഷണം വാങ്ങിയതും മൃതദേഹങ്ങൾ ഘട്ടംഘട്ടമായി കത്തിച്ചശേഷം രക്ഷപെടാൻ ശ്രമിച്ചതും കേഡലിന്റെ ക്രിമിനൽ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |